കണ്ണൂര്‍: യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ കാരവാനിന്റെ റജിസ്‌ട്രേഷന്‍ മോട്ടോര്‍വാഹന വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വാഹനത്തില്‍ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിനാണു നടപടി.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു വ്‌ളോഗ് ചെയ്യുന്നതിനായി കാരവാനായി ഉപയോഗിക്കുന്ന കെഎല്‍ 73 ബി 777 നമ്പറിലുള്ള ടെംപോ ട്രാവറലറിന്റെ റജിസ്‌ട്രേഷനാണു സസ്പെൻഡ് ചെയ്തത്. വാഹനത്തില്‍ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഇവര്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കണ്ടാണ് റജിസ്‌ട്രേഷന്‍ സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച നോട്ടിസ് ഉദ്യോഗസ്ഥർ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ പതിച്ചു.
ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ സസ്പെൻഡ് ചെയ്തത്. താക്കീത് എന്ന നിലയിലാണിത്. ഈ കാലയളവിനുള്ളില്‍ വാഹനം യഥാര്‍ഥ രൂപത്തിലേക്കു മാറ്റി ഹാജരാക്കണം. ഇല്ലെങ്കിൽ രജിസ്ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുെമെന്നാണു മോട്ടോര്‍ വാഹനവകുപ്പ് അധികൃതരില്‍നിന്നു ലഭിക്കുന്ന വിവരം.
ഓഗസ്റ്റ് എട്ടിനാണു വാഹനം ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിനു ഫീസായി 6400 രൂപയും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനു പിഴയായി 42,000 രൂപയും നല്‍കണമെന്നു ഇ ബുള്‍ ജെററ്റ് സഹോദരങ്ങള്‍ നല്‍കിയ നോട്ടിസില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒന്‍പതിനു കണ്ണൂര്‍ ആര്‍ടി ഓഫിസിലെത്താനായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കു ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.
Also Read: ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം; അറസ്റ്റിനുശേഷം കൂടിയത് 1.75 ലക്ഷം സബ്‌സ്‌ക്രൈബർമാർ
ഒന്‍പതിനു കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലെത്തിയ ഇരുവരും ബഹളം വച്ചതോടെ വിഷയം മാറുകയും പൊലീസ് കേസായിത്തീരുകയും ചെയ്തിരുന്നു. ഏറെ നേരം നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്കാണു അന്ന് ആര്‍ടിഒ ഓഫീസും പൊലീസ് സ്‌റ്റേഷനും സാക്ഷ്യം വഹിച്ചത്. ഓഫിസില്‍ പ്രശ്നമുണ്ടാക്കി, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങി ഒമ്പതോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
എന്നാല്‍, പിറ്റേദിവസം തന്നെ എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം. മോട്ടോര്‍വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാന്‍ തയാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചതിനെതിരെ പൊലീസ് തലശേരി സെഷന്‍സ് കോടതിയിയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പ്രതികള്‍ക്കു കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യമാണു പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്.
ഇരുവരും ഒരു യാത്രയ്ക്കിടെ കഞ്ചാവ് തോട്ടം സന്ദര്‍ശിച്ച് വ്‌ളോഗ് ചെയ്തിരുന്നു. ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ ടോള്‍ കൊടുക്കാതിരിക്കാന്‍ ആംബുലന്‍സ് സൈറണ്‍ പ്രവര്‍ത്തിപ്പിച്ച് ട്രാവല്‍ ദൃശ്യങ്ങളും ചര്‍ച്ചയായിരുന്നു. ഇതിനിടെ തങ്ങള്‍ക്കെതിരെ പൊലീസ് ഓരോ ദിവസവും പുതിയ കേസ് എടുത്തുകൊണ്ടിരിക്കുകയാണ് അടുത്തിടെ പുറത്തിറക്കിയ യൂട്യൂബ് വിഡിയോയില്‍ എബിനും ലിബിനും പറഞ്ഞിരുന്നു. ഇവരുടെ യൂട്യൂബ് ചാനലായ ഇ ബുള്‍ ജെറ്റിനു 19 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.