ആലപ്പുഴ: എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ് എംഎൽഎയും ഭാര്യ ഷേർളി തോമസും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം. കായംകുളം ഡി വൈ എസ് പിയാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസുകള്‍ ഡി വൈ എസ് പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നതിനാലാണിത്. പരാതിക്കാരിയായ നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഈ മാസം ഒന്‍പതിന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. യോഗത്തില്‍ പങ്കെടുത്തവരുടെ സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ പരാമര്‍ശം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിക്കും.
യോഗത്തിൽ മണ്ഡലത്തിനു പുറത്തുള്ളവർ പങ്കെടുക്കരുതെന്നും പുറത്തുപോകണമെന്നും താൻ ആവശ്യപ്പെട്ടതായും ഇതിനുപിന്നാലെ എംഎൽഎയും ഭാര്യയും വലിയ രീതിയിൽ ബഹളം വച്ചതായും ജിഷയുടെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ തന്നെ ‘കാക്കയെ പോലെ കറുത്തവൾ’ എന്നു വിളിച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
അതേസമയം, മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗത്തിനെത്തിയത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് മടങ്ങി വരുന്നതിനാൽ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അതിനാലാണ് ഭാര്യയും യോഗത്തിന് തനിക്കൊപ്പമെത്തിയത്. ജിഷയാണ് തങ്ങളെ അവഹേളിച്ചതെന്നാണ് തോമസ് കെ തോമസ് എംഎൽഎ പറയുന്നത്.