തിരുവനന്തപുരം: തലസ്ഥാനത്ത് പിഎസ്സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. തിരുവനന്തപുരം കാരക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പിഎസ്സി ഓഫീസിനു മുന്നിൽസമരം നടത്തിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്റെ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയായിരുന്നു സംഘർഷം. പ്രവർത്തകർ തമ്മിൽ കൈയേറ്റവും കല്ലേറുമുണ്ടായി. സംഘര്‍ഷത്തില്‍ ഇരു പക്ഷത്തും നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഘർഷത്തെതുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ദീർഘ നേരം ഇരു വിഭാഗവും റോഡരികിൽ നിലയുറപ്പിച്ചിരുന്നു.
പിഎസ്സി റദ്ദാക്കിയ എക്സൈസസ് റാങ്ക് ലിസ്റ്റിൽ 76ാം റാങ്ക് നേടിയിരുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്തുകാൽ തട്ടിട്ടന്പലം സ്വദേശി അനുവിനെ (28) ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൊഴിലില്ലായ്മ തളർത്തിയെന്ന് ഇദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യുവജ സംഘടന പിഎസ്സി ഓഫീസിനു മുന്നിൽ സമരം നടത്തിയത്.
ഞായറാഴ്ച രാത്രി വെഞ്ഞാറമ്മൂട് തേമ്പാംമൂടിൽ ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധം.
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന് പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.