തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കടന്നത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ഓഫീസ്. അകത്ത് കടന്ന ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിയുകയും പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തതായി ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
മരകായുധങ്ങളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വന്നതെന്നും അതിക്രമിച്ചു കടന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഓഫീസ് അറിയിച്ചു.
“ഉച്ചയ്ക്ക് 12:20 ന് ആയുധങ്ങളുമായി മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കന്റോൺമെന്റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. ‘പ്രതിപക്ഷ നേതാവ് എവിടെ…. അവനെ കൊല്ലും…..’ എന്ന് ആക്രോശിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടുപേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവെച്ചു.”
“പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോൺമെന്റ്ഹൗസ് വളപ്പില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോൺമെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരാകായുധങ്ങളുമായി കന്റോൺമെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും.” വാർത്താകുറിപ്പിൽ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, പ്രവര്‍ത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് അകത്ത് കയറിയത്. രണ്ട് പേരെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മറ്റൊരാളെ വസതിയിക്ക് സമീപത്ത് വെച്ച് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങൾ തടയുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ പ്രതിഷേധവുമായി കേരളത്തിന്റെ തെരുവുകൾ കയ്യടക്കിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. പലയിടങ്ങളിലും അക്രമങ്ങളും സംഘർഷവും ഉണ്ടായി. കൊല്ലത്ത് ആർഎസ്പിയുടെ പ്രതിഷേധത്തിനിടെ എൻകെ പ്രേമചന്ദ്രൻ എംപിക്ക് പരുക്കേറ്റു. തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകന് ലാത്തി ചാർജിനിടയിൽ തലയ്ക്ക് അടിയേറ്റു. രക്തത്തിൽ കുളിച്ച പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെർപ്പുളശ്ശേരിയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മഹിളാമോർച്ച പ്രവർത്തകർ രാവിലെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിലേക്കുള്ള യാത്രക്കിട ബിജെപി പ്രവർത്തകരും മടക്ക യാത്രയിൽ കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. അതിനിടെ, മുഖ്യമന്ത്രിക്ക് പിന്തുണയുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് എംപ്ലോയിസ് യൂണിയന് മാര്‍ച്ച് നടത്തി. ജോലി സമയത്തായിരുന്നു ജീവനക്കാരുടെ പ്രകടനം.
Also Read: കേന്ദ്രാനുമതി ഇല്ലാതെ സിൽവർലൈൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല: മുഖ്യമന്ത്രി