പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു. പനയൂര്‍ പി.എച്ച്.സിക്കു സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന്‍ ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡി.വൈ.എഫ്.ഐ. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്.
അയല്‍വീട്ടിലെ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണു സംഭവം. ശ്രീജിത്തിന്റെ അമ്മാവന്‍ കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന്‍ ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നതായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിനൊപ്പം സുഹൃത്തുക്കളായ നാലുപേര്‍ക്കും കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പതി പനയൂര്‍ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രക്ഷപ്പെടുത്താന്‍ പോയ അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. സംഭവത്തില്‍ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തു.