കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാൻ ഹൗഫിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇര്‍ഷാദ്. മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാൻ ഹൗഫിന് കുത്തേല്‍ക്കുന്നത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്‌ദുൾ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാൻ ഹൗഫിനേയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അബ്‌ദുൾ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു. എൽഡിഎഫിന് വോട്ടുകൂടി എന്ന് ആരോപിച്ച് നഗരസഭാ മുപ്പത്തിയാറാം വാർഡിൽ ഒരു കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കിയത് ലീഗിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുന്നതായും അതാണ് കാെലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎം ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.