തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ മണ്ണാർക്കാട് എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ.ശശിക്കെതിരായ നടപടി എന്തെന്ന് ഇന്നറിയാം. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യും. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്‍റെ അന്വേഷണ റിപ്പോർട്ടിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നു തീരുമാനമെടുക്കുക.

ശശിക്കെതിരെ എന്ത് നടപടി വേണമെന്ന് ഇന്ന് തീരുമാനിക്കും. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാകും നടപടിയിൽ അന്തിമ തീരുമാനം കൈക്കൊളളുക. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തരത്തിലുളള പരാമര്‍ശങ്ങള്‍ റിപ്പോർ‍‍ട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നൽകുന്ന സൂചന.

നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ തരംതാഴ്ത്തുകയോ, പാർട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. പാർട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കിൽ ശശിയോട് സിപിഎം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ശശിയെ രാജിവയ്പിച്ചാൽ അത് ജനങ്ങൾ ഏത് വിധത്തിലാവും സ്വീകരിക്കുക എന്നതും സിപിഎം ആലോചിക്കുന്നുണ്ട്.

സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്. മന്ത്രി എ.കെ.ബാലന്നും കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും അടങ്ങിയ കമ്മിഷനാണ് അന്വേഷണം നടത്തിയത്. കമ്മീഷന്‍ ശശിയില്‍ നിന്നും യുവതിയില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു.

ഓഗസ്റ്റ് 14നാണ് യുവതി പി.കെ.ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്. എന്നാൽ പരാതി പാർട്ടി തലത്തിൽ അന്വേഷിച്ച് നടപടിയെടുത്താൽ മതിയെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. പൊലീസിൽ പരാതി നൽകാൻ അവർ തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.