തിരുവനന്തപുരം: ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതായി സ്ഥിരീകരണം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നൽകിയത്. യുവതി പരാതി ഇ-മെയില്‍ വഴി അയച്ചതായി ജ​ന​റൽ സെ​ക്ര​ട്ട​റി സീതാറാം യെച്ചൂരി വ്യക്തമാക്കി. പരാതി അന്വേഷിക്കാന്‍ സംസ്ഥാനഘടകത്തിന് സീതാറാം യെച്ചൂരി നിര്‍ദേശം നല്‍കി.

യു​വതി സീ​താ​റാം യെ​ച്ചൂ​രി​ക്ക് നൽ​കിയ പ​രാ​തി​യിൽ ഗു​രു​ത​ര​മായ ആ​രോ​പ​ണ​ങ്ങളാണുളളത്. മ​ണ്ണാർ​ക്കാ​ട് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സിൽ വി​ളി​ച്ചു​വ​രു​ത്തി പീഡിപ്പിച്ചതായി പ​രാ​തി​യിൽ ആരോപിക്കുന്നു. നി​ര​ന്ത​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും അ​ശ്ലീല സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു തുടങ്ങിയ​വ​യാ​ണ് എംഎൽഎ​യ്ക്കെ​തി​രെ ഉ​ന്ന​യി​ച്ചിരിക്കുന്ന ആ​രോ​പ​ണ​ങ്ങൾ. ഇ​തി​ന്റെ 15 മി​നി​റ്റ് ദൈർ​ഘ്യ​മു​ള്ള ഓ​ഡി​യോ ക്ളി​പ്പിങ് സ​ഹി​ത​മാ​ണ് യു​വ​തി പാർ​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി നൽ​കി​യ​ത്. എംഎൽഎ വി​ളി​ച്ച​തി​ന്റെ ഫോൺ വി​ശ​ദാം​ശ​ങ്ങ​ളും പ​രാ​തി​ക്കൊ​പ്പം നൽ​കി​യി​ട്ടു​ണ്ട്.

അതേസമയം, തന്നെ തകര്‍ക്കാനുളള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്ന് ശശി പ്രതികരിച്ചു. ‘ഇങ്ങനെ ഒരു പരാതി ഉണ്ടെന്ന കാര്യം പത്രത്തിലൂടെയും ടിവിയിലൂടേയും ആണ് അറിയുന്നത്. ശശി ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ ഇതുവരെയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നില്‍. പാര്‍ട്ടി ഇതിനെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി എനിക്കെതിരെ പാര്‍ട്ടിതല അന്വേഷണം വന്നാല്‍ അതിനെ അഭിമുഖീകരിക്കും. പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയിലെ അംഗമെന്ന നിലയില്‍ ഇത്തരത്തിലുളള ആരോപണങ്ങള്‍ വരും. ഈ ഗൂഢാലോചനയെ അഭിമുഖീകരിക്കും’, ശശി പറഞ്ഞു.

ലൈംഗികാരോപണ കേസ് സംബന്ധിച്ച് പാർട്ടിതല അന്വേഷണത്തിന് സിപിഎം സമിതി രൂപീകരിച്ചു. ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ ആണ് കേന്ദ്ര നേതൃത്വം നിയോഗിച്ചത്. നടപടി വൈകിയപ്പോള്‍ പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ഇന്നലെ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രത്യേക സമിതിയെ വച്ച് അന്വേഷണം നടത്താന്‍ തീരുമാനമുണ്ടായത്.

സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് സമിതിയിൽ ഉള്ളത്. ഡിവൈഎഫ്ഐയിലെ വനിതാ നേതാവാണ് രണ്ടാഴ്ച മുൻപ് എംഎൽഎയ്ക്കെതിരെ പിബി അംഗംകൂടിയായ വൃന്ദ കാരാട്ടിന് പരാതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook