തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വർഗീയതയ്ക്കും കൊലപാതകത്തിനുമെതിരെ ചുവരെഴുത്ത് സമരവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും. അഭിമന്യു അവസാനമായി മഹാരാജാസ‌് കോളേജിന്റെ ചുമരിൽ കുറിച്ച ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം എഴുതിയാണ‌് ചുവരെഴുത്ത‌് സമരം നടത്തുക. 2200 കേന്ദ്രങ്ങളിലാണ‌് ചുവരെഴുത്ത‌് സമരം നടത്തുകയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീറും സെക്രട്ടറി എം.സ്വരാജും പറഞ്ഞു.

സംസ്ഥാനവ്യാപകമായി നടത്തുന്ന ചുവരെഴുത്ത് സമരം ഈ മാസം 12 ന് തുടക്കം കുറിക്കും. ‘വർഗീയതയ്ക്കും കൊലപാതകത്തിനും എതിരെ’ ഡിവൈഎഫ‌്ഐ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും. എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ പോപ്പുലർഫ്രണ്ട‌്﹣-എസ‌്ഡിപിഐ -ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ‌് പ്രചാരണമെന്ന് അവർ പറഞ്ഞു.

എസ‌്എഫ‌്ഐയുമായി സഹകരിച്ച‌് ചുവരെഴുത്ത‌് സമരം നടത്തുക. 12 ന് ആരംഭിക്കുന്ന സമരം തുടർന്നുള്ള ദിവസങ്ങളിൽ എസ‌്എഫ‌്ഐയുമായും മറ്റു ജനാധിപത്യ പുരോഗമന സംഘടനകളുമായി ചേർന്ന‌് പ്രചാരണം തുടരും. വ്യത്യസ‌്തമായ പ്രതിഷേധ പരിപാടികളും കൂട്ടായ‌്മകളും സംഘടിപ്പിക്കും.

ലക്ഷണമൊത്ത ഭീകരസംഘടനയാണ‌് പോപ്പുലർഫ്രണ്ട‌്. ആർഎസ‌്എസ്സിനെയാണ‌് അവർ അനുകരിക്കുന്നത‌്. ആർഎസ്എസ്സിനെ പോലെ ജാഗ്രതയോടെ കാണേണ്ട വിപത്താണ‌് പോപ്പുലർ ഫ്രണ്ട‌െന്ന് അവർ ആരോപിച്ചു. വർഗീയ സംഘടനകൾ നാടിന്റെ യൗവ്വനം നശിപ്പിക്കുന്നു. ആശയസമരത്തിലൂടെ അവരെ ഇല്ലായ‌്മ ചെയ്യണം. ഈ സാഹചര്യത്തിലാണ‌് പ്രചാരണമെന്ന് ഇരുവരും പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട‌് കോൺഗ്രസ‌് നേതാവ‌് എ.കെ.ആന്റണി നടത്തിയ പ്രസ‌്താവന പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുന്നതും കൊലയാളികൾക്ക‌് ശക്തിപകരുന്നതുമാണ‌്. പ്രസ‌്താവന പിൻവലിച്ച‌് അഭിമന്യവിന്റെ കുടുംബത്തിനോട‌് ആന്റണി മാപ്പ‌് പറയണമെന്നും ഡിവൈഎഫ‌്ഐ ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ