കൊച്ചി: ദലിത് വിദ്യാർഥി പ്രസ്ഥാനങ്ങളെ എസ്എഫ്ഐ പോലുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ആക്രമിച്ച സംഭവങ്ങളുണ്ടെന്ന് ഡി വൈഎഫ്ഐ ദേശീയ സമ്മേളന സെമിനാറിൽ രാധിക വെമുല കുറ്റപ്പെടുത്തി. ഇത്തരമൊരു സംഭവത്തിൽ മകൻ രോഹിത് വെമുലയുടെ ചിത്രം വലിച്ചുകീറിയതായും കേട്ടിരുന്നു.
സി.കെ.ജാനുവിനെ പോലെ ദലിത്, ആദിവാസി വിഭാഗങ്ങൾക്കായി പ്രവർത്തിച്ച വ്യക്തിത്വം ബിജെപിയിലേയ്ക്കു പോകുന്നത് ദുഃഖകരമായ സാഹചര്യമാണ്. ജാതി, മതങ്ങളുടെ പേരിൽ രാജ്യത്ത് അസമത്വം കൂടുന്നു. ഇത് പ്രതിരോധിക്കാൻ ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും ഒന്നിക്കണം. അഭിപ്രായ ഭിന്നതകൾ ഒഴിവാക്കി സംഘപരിവാർ അജണ്ടയ്ക്കെതിരെ എല്ലാവരും സഹകരിക്കണമെന്നും രാധിക വെമുല പറഞ്ഞു.
ദലിത്, ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർ കേരളത്തിലും ഭൂമിക്ക് വേണ്ടിയുള്ള സമരത്തിൽ തന്നെയാണിപ്പോഴും. എല്ലായിടത്തും ദലിത് വിദ്യാർഥി പ്രസ്ഥാനങ്ങളെ എതിർക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. വിയോജിപ്പുകൾ ചർച്ച ചെയ്ത് പരിഹരിക്കണം. ദലിത് സമരങ്ങൾക്ക് പിന്തുണ പോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അവർ പറഞ്ഞു.
റിപ്പബ്ളിക്ക് ഓഫ് ഈക്വൽസ് എന്ന പുസ്തകവും യൂത്ത് സ്ട്രീം പ്രത്യേക പതിപ്പും രാധികവെമുല പ്രകാശനം ചെയ്തു.