കൊച്ചി: ഓൺലൈൻ വിവാഹ മാർക്കറ്റിൽ കാലു തെറ്റി, ഡിവൈഎഫ്ഐയുടെ മതേതര വിവാഹ വെബ്സൈറ്റിന് അകാല ചരമം. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച സെക്യുലർ മാര്യേജ് ഡോട്ട് കോം (www.secularmarriage.com) എന്ന വെബ്സൈറ്റ് ഇന്ന് ലേലത്തിലിരിക്കുകയാണ് .
കാലാവധി കഴിഞ്ഞപ്പോൾ പുതുക്കാനാകാത്തതിനാലാണ് സൈറ്റ് സംഘടനയ്ക്കു നഷ്ടമായത്. രണ്ട് വർഷം കഴിഞ്ഞിട്ടും മതേതര വിവാഹ സൈറ്റ് ലേലത്തിലെടുക്കാൻ പക്ഷേ, ആളില്ല. വിവാഹകമ്പോളത്തിൽ ജാതിയും മതവും ചേരി തിരിഞ്ഞ് പഞ്ചായത്ത് തോറും വിവാഹ സൈറ്റുകൾ ഉണ്ടാക്കുമ്പോഴായിരുന്നു ഡി വൈ എഫ് ഐ, വീട്ടുകാരുടെ അനുഗ്രാശിസ്സുകളോടെ മതേതര വിവാഹം എന്ന വ്യവസ്ഥാപിത വിവാഹ സ്വപ്നവുമായി സൈറ്റ് ആരംഭിച്ചത്.
എന്നാൽ ഓൺലൈൻ ലോകത്ത് വ്യവസ്ഥാപിത സെക്യുലർ വിവാഹത്തിന് പോലും മാർക്കറ്റില്ലാത്ത സ്ഥലമാണ് കേരളം എന്ന തിരിച്ചറിവ് സമൂഹത്തിന് ലഭ്യമാക്കി എന്നത് ആ സൈറ്റിന്റെ വിജയമായി കാണാം. കോട്ടയത്ത് കെവിൻ പി ജോസഫിന്റെ കൊലപാതകം കേരളത്തെ നടുക്കിയതിൽ ഡിവൈഎഫ്ഐ പ്രവർത്തകനും പങ്കുണ്ട് എന്ന തരത്തിൽ വാർത്തകളും പുറത്തുവന്ന സാഹചര്യത്തിൽ കേരളം എവിടെയെത്തി എന്ന ചോദ്യം ഈ വെബ്സൈറ്റും ബാക്കിയാക്കുന്നു.
സാമുദായിക ധ്രുവീകരണം ശക്തമാകുന്ന ഒരു സമൂഹത്തിൽ, പുരോഗമനപരമായ ശ്രമം നടത്തി ലക്ഷ്യത്തിലെത്താതെ പോയ ഒരു പരീക്ഷണമായി ഇതെന്ന് ഡി വൈ എഫ് ഐയക്ക് സമാധാനിക്കുകയുമാവാം.
ഡി.വൈ.എഫ്.ഐ മതനിരപേക്ഷ വിവാഹങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഈ വെബ്‌സൈറ്റിന് ഒന്നേകാൽ ലക്ഷം രൂപയാണ് ലേലത്തിൽ ആദ്യ ഒൻപത് മാസം പിന്നിട്ടപ്പോൾ വിലയിട്ടിരിക്കുന്നത് . വെബ്സൈറ്റ് ലേലത്തിന് വച്ച് ഡൊമൈൻ ലേലത്തിന് വച്ചിട്ടുള്ളത് http://www.buydomains.com ആണ്. ഡി.വൈ.എഫ്.ഐ ക്ക് ഈ പേരിൽ വെബ്‌സൈറ്റ് ഉപയോഗിക്കാനാവില്ല.
അതിനാൽ മറ്റൊരു വെബ്‌സൈറ്റ് എന്ന ചിന്തയിലായിരുന്നു അന്ന് നേതൃത്വം.
ഒന്നര ലക്ഷം രൂപയക്ക് ലേലത്തിൽ വച്ചിട്ടുളള ഡൊമൈനിന് പുറമെ 99 രൂപയ്ക്കും മതേതര വിവാഹ പേരുള്ള ഡൊമൈൻ ലഭിക്കും. സെക്യുലർ മാര്യേജസ് ഡോട്ട് കോം (secular marriages.com) എന്ന പേരാണ് 99 രുപായ്ക്ക് ലഭ്യമായിട്ടുളളത്.
“മതനിരപേക്ഷ വിവാഹങ്ങൾക്കായി ഒരു ഇടം ഒരുക്കുക മാത്രമാണ് ഡി.വൈ.എഫ്.ഐ ചെയ്‌തത്. വ്യക്തികൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള ഒരു സ്ഥലം. വിവാഹവുമായി ബന്ധപ്പെട്ട മറ്റൊന്നും ഇവിടെ ഞങ്ങൾ നൽകിയിരുന്നില്ല. ചില സാങ്കേതിക പ്രതിസന്ധികൾ ഉയർന്നതോടെ വെബ്‌സൈറ്റ് ഇപ്പോൾ ഡി.വൈ.എഫ്.ഐ യ്ക്ക് നഷ്ടപ്പെട്ടു. അന്ന് വെബ്‌സൈറ്റ് കൈകാര്യം ചെയ്തിരുന്ന കമ്പനി ഇന്ന് പ്രവർത്തിക്കുന്നില്ല.” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ പറഞ്ഞു.
സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ശക്തമായപ്പോഴാണ് ഡിവൈഎഫ്ഐ മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. എന്നാൽ സൈബർ ലോകത്തെ ഒളിപ്പോരുകളെ നേരിടാൻ യുവജന പ്രസ്ഥാനത്തിന് സാധിച്ചില്ല. മതേതര വിവാഹ വെബ്സൈറ്റ് തുറന്ന് ഒരു ദിവസം കഴിയും മുൻപ് തന്നെ ഹാക്കർമാർ സൈറ്റ് ആക്രമിച്ചു. പിന്നീട് വെബ്സൈറ്റ് തുറന്ന് പ്രവർത്തിക്കാൻ വീണ്ടും സമയമെടുത്തു. യാ മുഹമ്മദ് എന്ന പേരിൽ സൈബർ ലോകത്തെ ഇസ്ളാമിക് ഹാക്കർ ആന്റ് ഇസ്ലാമിക് ആർമി എന്ന സംഘമാണ് ഹാക്ക് ചെയ്‌തത്.
വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജ്- Secular Marriage Matrimony- 2016 ജൂലൈ 17 മുതൽ ചലനമറ്റ നിലയിലാണ്. ഇതേപ്പറ്റി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎൻ ഷംസീറിന്റെ മറുപടി ഇങ്ങിനെ. “ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. സെക്യുലർ മാര്യേജ് വെബ്സൈറ്റ് ആദ്യം ഒരു തവണ ഹാക്ക് ചെയ്‌തു. പിന്നീടിത് ശരിയാക്കി പ്രവർത്തനം ആരംഭിച്ചു. എന്നാൽ വീണ്ടും ചില സാങ്കേതിക തകരാറുകൾ ഉണ്ടായി. ഈ രംഗത്തെ പ്രൊഫഷണലുകളെയാണ് വെബ്‌സൈറ്റ് ഏൽപ്പിച്ചതെങ്കിലും, അവരത് ചെയ്‌തില്ല. ചെയ്യിപ്പിക്കുന്നതിൽ സംഘനയുടെ ഭാഗത്ത് നിന്നും വീഴ്‌ച പറ്റി.”
“പുരുഷന്മാരാണ് കൂടുതലും ഈ മതേതര വിവാഹത്തിനായി അഭ്യർത്ഥന നൽകുന്നത്. സ്ത്രീകൾ ഇതിനോട് പ്രതികരിക്കുന്നത് കുറവാണ്. എന്നാൽ മതേതര വിവാഹങ്ങൾ നടക്കുന്നില്ലെന്നല്ല, അത് നാട്ടിൽ ധാരാളമായി നടക്കുന്നുണ്ട്. അതിന് ഡിവൈഎഫ്ഐ എല്ലായിടത്തും ശക്തമായ പിന്തുണ നൽകുന്നുണ്ട്. മതേതര വിവാഹങ്ങൾ ഭൂരിഭാഗവും പ്രണയവിവാഹങ്ങളാണ്. വീട്ടുകാരുടെ നേതൃത്വത്തിൽ നിശ്ചയിക്കുന്ന വിവാഹങ്ങൾ മതേതര സങ്കൽപ്പത്തിലേക്ക് വളർത്താനായിരുന്നു ഞങ്ങളുടെ ശ്രമം. അതിന് ബഹുജന പിന്തുണ ലഭിച്ചില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഈ ശ്രമം പുനരുജ്ജീവിപ്പിക്കുന്നതിന് ശ്രമിക്കുമെ”ന്ന് ഷംസീർ കൂട്ടിച്ചേർത്തു.
” സെക്യുലർ മാര്യേജ് ഡോട്ട് കോമിൽ പരസ്യം ചെയ്തിരുന്നെങ്കിലും, പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന്” കോഴിക്കോട് സ്വദേശി അജീഷ് പറഞ്ഞു. “ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് ഒരേ സമുദായത്തിൽ നിന്ന് തന്നെയാണ്. ഇതിനോട് വിയോജിപ്പുണ്ടായത് കൊണ്ടല്ല മുൻപ് പരസ്യം നൽകിയത്. അച്ഛനും അമ്മയും പുരോഗമന ചിന്താഗതിക്കാരാണ്. അവരുടെ പിന്തുണ കൂടി വന്നതോടെയാണ് അങ്ങിനെയൊരു വിവാഹം നടന്നാൽ നല്ലതെന്ന് തോന്നിയത്. എന്നാൽ ലഭിച്ച മറുപടികൾ കുറവായിരുന്നു, അവ വിവാഹത്തിലേക്ക് എത്തിയുമില്ല.” അദ്ദേഹം പറഞ്ഞു.
സാമുദായിക ധ്രുവീകരണത്തിനെതിരായി സാമൂഹിക പ്രതിരോധം തീർക്കാനായിരുന്നു ഡിവൈഎഫ്ഐ യുടെ ശ്രമമെങ്കിലും വേണ്ടവിധത്തിൽ അത് വളർത്തിയെടുക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. ഒടുവിൽ ചിന്ത ജെറോമിന്റെ വിവാഹ പരസ്യം സാമുദായിക മതിൽക്കെട്ടിനകത്ത് നിന്നാണെന്ന പ്രചാരണം ഉയർന്നുവന്നപ്പോൾ പ്രതിരോധം തീർത്തും ദുർബലമാവുകയും ചെയ്‌തു. പുതിയ വെബ്‌സൈറ്റ് നിർമ്മിക്കുമെന്ന് ഉറപ്പിച്ച് പറയുന്പോഴും, അതിനുള്ള പരിശ്രമങ്ങൾ ഒൻപത് മാസം പിന്നിട്ടിട്ടും സംഘടന ആരംഭിച്ചിട്ടില്ല.