പത്തനംതിട്ട: പതാക നശിപ്പിച്ചെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത് പത്തനംതിട്ടയിൽ കൂട്ടത്തല്ലിന് കാരണമായി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു.
നിരവധി പേര്‍ക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. പൊലീസ് എത്തി ലാത്തി വീശിയാണ് സമാധാനം പുനഃസ്ഥാപിച്ചത്. എന്നാൽ ആർഎസ്എസ് ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നുവെന്ന് ആരോപിച്ച് നഗരമധ്യത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐ-സിപിഎം നേതാക്കളോടും പ്രവർത്തകരോടും പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. ഈ തർക്കം വീണ്ടും ശക്തമായതോടെ പൊലീസ് വീണ്ടും ലാത്തിവീശി.
സംഘർഷത്തിൽ മുനിസിപ്പൽ കൗൺസിലർ പി.കെ.അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അൻസിൽ, അനീഷ് വിശ്വനാഥ്, മേഖല പ്രസിഡന്റ് അജിൻ വർഗീസ്, എസ്എഫ്ഐ നേതാവ് ശരത് ശശിധരൻ എന്നിവർക്ക് പരുക്കേറ്റു.