മലപ്പുറം: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഭരണഘടന കീറിയെറിഞ്ഞ് എംപിമാര്‍; സഭയില്‍ നിന്ന് പുറത്താക്കി വെങ്കയ്യ നായിഡു
കശ്മീര്‍ തുടക്കം മാത്രമാണ്. ആര്‍എസ്എസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇനിയും നിരവധി കാര്യങ്ങളുണ്ട്. മതേതരത്വം ഇല്ലാതാക്കുകയാണ് വരുടെ ലക്ഷ്യം. ഇന്ത്യന്‍ ഭരണഘടനയെ അവര്‍ പിച്ചി ചീന്തും. കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇന്ന് കശ്മീര്‍ ആണെങ്കില്‍ നാളെ അവര്‍ ഇന്ത്യയുടെ മതേതര ഭരണഘടനയെ അവര്‍ ചുട്ടെരിക്കും എന്ന തിരിച്ചറിവാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കാരണം. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നല്കിയ ഉറപ്പായിരുന്നു. അത് കശ്മീരിന്റെ സമാധാനത്തിനു വേണ്ടിയായിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നതെന്ന് എ.എ.റഹീം പറഞ്ഞു.
Read Also: ചതിച്ചത് കശ്മീര്‍ ജനതയെ,കേന്ദ്രം നുണപറയുകയായിരുന്നു; തുറന്നടിച്ച് ഒമര്‍ അബ്ദുള്ള
പ്രതികരിക്കാന്‍ ശേഷിയുള്ള നേതാക്കളെ ഭരണകൂടം തടങ്കലിലാക്കി. വാര്‍ത്താവിനിമയ മാധ്യമങ്ങളെ റദ്ദാക്കി. ജനാധിപത്യം ഇങ്ങനെയെല്ലാം ആണ് ധ്വംസിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഴുത്തറുക്കുകയാണ്. രാജ്യത്താകമാനം പ്രതിഷേധം ഉയരണം. ആര്‍എസ്എസ് ശ്രമിക്കുന്നത് അവരുടെ വിചാരധാര നടപ്പിലാക്കാനാണ്. രാജ്യത്ത് കരിനിയമങ്ങള്‍ പാസാക്കിയെടുത്ത് സ്വന്തം വിചാരധാര നടപ്പിലാക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍, അവസാന ഇടതുപക്ഷക്കാരനും മരിച്ചുവീഴും വരെ ഇതിനെതിരെ ശക്തമായി പൊരുതുമെന്നും എ.എ.റഹീം മലപ്പുറത്ത് പറഞ്ഞു.
Also Read: ജമ്മു കാശ്മീർ: ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും കൊലപാതകമെന്ന് സിപിഎം
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ഇന്ന് റദ്ദാക്കിയത്. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.