ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ നേതാവ് എ.എൻ. ഷംസീർ. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് ചില രീതികളുണ്ട്. ആ രീതി മാത്രമണ് മഹിജയ്ക്ക് എതിരെ ഉണ്ടായതെന്നും എ.എൻ.ഷംസീർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മാവനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും എ.എൻ. ഷംസീർ പ്രതികരിച്ചു.

ഡിജിപിയെ കാണാന്‍ ആറ് പേരെ കാണാന്‍ അനുവാദം നല്‍കിയതാണ്. എന്നാല്‍ 17പേര്‍ക്ക് അനുവാദം വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഷംസീര്‍ അവകാശപ്പെടുന്നു. ഈ കേസില്‍ പ്രതിയെ പിടിക്കുകയാണ് ആവശ്യം, അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുപോയി കുടുംബത്തെ തള്ളുകയല്ല വേണ്ടതെന്നും ഷംസീര്‍ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന് രീതിയുണ്ട്. കുടുംബത്തെ നിര്‍ത്തി രാഷ്ട്രീയക്കളി നടത്തുന്നതിനോട് യോജിപ്പില്ലെന്നും ഷംസീര്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഡിജിപിയുടെ ഓഫീസിന് മുന്നിൽ സമരം നടത്താനാകില്ല, ഡിജിപിയുടെ ഓഫീസിലേക്ക് സമരവുമായി പോയാൽ ആരെ ആയാലും തടയുമെന്നും ഒരു പാട് സമരം ചെയ്തവരാണ് തങ്ങൾ എന്നും എ.എൻ. ഷംസീർ പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ കേസിൽ സർക്കാർ നല്ല രീതിയിലാണ് ഇടപെട്ടതെന്നും ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും എ.എൻ ഷംസീർ പറഞ്ഞു. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തേയും അദ്ദേഹം ന്യായീകരിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ