തിരുവനന്തപുരം: ട്രാൻസ്ജെന്റേർസിന് കൂടി അംഗത്വം നൽകി ഡിവൈഎഫ്ഐ കൊച്ചിയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിലെ തീരുമാനം യാഥാർത്ഥ്യമാക്കി. തിരുവനന്തപുരം കുന്നുകുഴിയിൽ പുതുതായി രൂപീകരിച്ച യൂണിറ്റിലാണ് ട്രാൻസ്ജെന്റേർസിന് അംഗത്വവും ഭാരവാഹിത്വവും ലഭിച്ചത്.

പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച പുതിയ കമ്മിറ്റിയിൽ ട്രാൻസ്ജെന്റേർസും സ്ത്രീകളും പുരുഷന്മാരും അംഗങ്ങളാണ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡിവൈഎഫ്ഐ നേതാവുമായ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് സംഘടനയിലേക്ക് ആദ്യമായി ട്രാൻസ്ജെന്റേർസിനെ എത്തിച്ചത്.

‘രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പ്രവർത്തനം. ഡിവൈഎഫ്ഐ യുടെ കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനം ഇക്കാര്യം അംഗീകരിച്ചിരുന്നു. എന്നാൽ സംഘടനയുടെ നിലപാടുകളോട് യോജിക്കുന്ന ആളുകളെ കണ്ടെത്തി, വേണമല്ലോ അംഗത്വം നൽകുവാൻ. നിലവിൽ കുന്നുകുഴി വാർഡിൽ ഇത്തരത്തിൽ ഡിവൈഎഫ്ഐയുമായി ചേർന്ന് പ്രവർത്തിക്കുന്നവരുണ്ട്. അവരെ കൂടി ഉൾപ്പെടുത്തി പുതിയ യൂണിറ്റ് ആരംഭിക്കാനായതിൽ വലിയ അഭിമാനമുണ്ട്”, ഐപി ബിനു ഐഇ മലയാളത്തോട് പറഞ്ഞു.

21 ട്രാൻസ്ജെന്റേർസ് ആണ് ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തത്. 11 അംഗ കമ്മിറ്റിയെ ഇതിൽ നിന്ന് തിരഞ്ഞെടുത്തു. ട്രാൻസ്ജെന്റേർസിന് മുൻഗണന നൽകിയ കമ്മിറ്റിയിൽ എട്ട് പേരും ഇവരാണ്. യൂണിറ്റ് സെക്രട്ടറിയായി ട്രാൻസ്ജെന്ററായ ശ്യാമ എസ് പ്രഭയെയും യൂണിറ്റ് പ്രസിഡന്റായി ട്രാൻസ്ജെന്ററായ സൂര്യ അഭിലാഷിനെയും തിരഞ്ഞെടുത്തു.

സന്ധ്യ രാജേഷ്, അസ്മ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കീർത്തി, വൈഷ്ണവി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. അച്ചു, ദിയ, അഭി, ദിയസന, അഭിലാഷ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.

അതേസമയം കൊച്ചിയിൽ നടന്ന പത്താമത് അഖിലേന്ത്യാ സമ്മേളനത്തിലെ തീരുമാനമാണ് തിരുവനന്തപുരത്ത് നടപ്പിലാക്കിയതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. “ഫെബ്രുവരിയിലാണ് സമ്മേളനം അവസാനിച്ചത്. ഇപ്പോഴാണ് അംഗത്വ വിതരണം ആരംഭിച്ചത്. ട്രാൻസ്ജെന്റേർസിന്റെ നിലവിലെ എല്ലാ പ്രശ്നങ്ങളെയും മുഖ്യധാരയിൽ ചർച്ച ചെയ്യിപ്പിക്കാനും അവയ്ക്ക് പരിഹാരം കാണാനും ഡിവൈഎഫ്ഐ ശ്രമിക്കും. മറ്റ് സംസ്ഥാനങ്ങളിലും ഡിവൈഎഫ്ഐ ഈ നിലയിൽ ട്രാൻസ്ജെന്റേർസിനെ കൂടി ഉൾക്കൊള്ളിക്കും”, റിയാസ് ഐഇ മലയാളത്തിന് നൽകിയ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു.

ട്രാൻസ്ജെന്റേർസിനൊപ്പം ഈ യൂണിറ്റിൽ സ്ത്രീകളും പുരുഷന്മാരും അംഗങ്ങളായുണ്ട്. പക്ഷെ യൂണിറ്റ് പ്രസിഡന്റായും സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടത് ട്രാൻസ്ജെന്റേർസാണ്.

“ട്രാൻസ്ജെന്റേർസിനെ ഇത്തരത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന ഉൾക്കൊള്ളുന്നതിനെ ദീർഘകാലടിസ്ഥാനത്തിൽ വേണം നോക്കി കാണാൻ. ഭാവിയിൽ സമൂഹത്തിൽ ജനപ്രതിനിധിയായി തിരഞ്ഞെടുക്കാൻ വരെ ഇത്തരം കാര്യങ്ങൾ സഹായിച്ചേക്കാം”, ക്വീരള പ്രതിനിധി ജിജോ ഇതേക്കുറിച്ച് പറഞ്ഞു.

നേരത്തേ ട്രാൻസ്ജെന്റേർസിനെ ഉൾക്കൊള്ളിച്ച് മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ കുന്നുകുഴി വാർഡിൽ രൂപീകരിച്ചിരുന്നു. സ്പർശം, ഉദയം, തേജസ് എന്നീ മൂന്ന് കുടുംബശ്രീ യൂണിറ്റുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ട്രാൻസ്ജെന്റേർസിനെയാണ് ഇപ്പോൾ ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ അംഗങ്ങളാക്കിയത്. “ട്രാൻസ്ജെന്റേർസിനെ എല്ലാവരും മാറ്റിനിർത്തിയപ്പോൾ, കൂടെ നിന്ന് മുന്നോട്ട് നയിച്ചതാണ് ബിനു. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം മൂലം കുന്നുകുഴിയിലും പരിസരത്തും ഇപ്പോൾ ട്രാൻസ്ജെന്റേർസിന് അഭിമാനത്തോടെ നടക്കാൻ സാധിക്കുന്നുണ്ട്”, ഓയാസീസ് കൾച്ചറൽ സൊസൈറ്റി പ്രവർത്തകയും ട്രാൻസ്ജെന്ററുമായ രഞ്ജിനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ