ചെന്നൈ: മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരിലുണ്ടായ അക്രമത്തെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു. മികവിന്റെ കേന്ദ്രമായിരുന്ന ഐഐടി കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ജനാധിപത്യ വിരുദ്ധ സംഭവങ്ങളെ തുടര്‍ന്ന് കുപ്രശസ്തിയാര്‍ജിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. മോദി സര്‍ക്കാര്‍ നമ്മുടെ ക്യാപസുകളില്‍ വലതുപക്ഷ- ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ക്യാപസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഐഐടി അധികൃതര്‍ തയ്യാറാവാണമെന്നും റിയാസ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യ ഇടങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സൂരജിനും മറ്റ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഹമ്മദ് റിയാസ് അറിയിച്ചു.

ഇതിനിടെ ഐഐടിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളെ മാനേജ്മെന്റ് പാടേ തഴഞ്ഞതായിാണ്പരാതി. ഇന്ന് രാവിലെയാണ് ഡീനിന്‍റെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥികൾ ഡീനുമായി ചര്‍ച്ച നടത്തുകയും തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ഥി സംഘം മുന്നോട്ട് വച്ചത്. സൂരജിനേയും സുഹൃത്ത് അനൂപിനേയും ആക്രമിച്ചവരെ പുറത്താക്കികൊണ്ട് നടപടിയെടുക്കുക, സൂരജിന്‍റെ ചികിത്സാചെലവുകള്‍ സ്ഥാപനം വഹിക്കുക, അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയെടുക്കുന്ന നടപടി അപ്പോള്‍ തന്നെ സ്റ്റുഡന്‍സ് ബോഡിയെ അറിയിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. അതിനുപുറമേ, സംഭവത്തിനുശേഷവും ബീഫ് കഴിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ഇതേ അക്രമിസംഘം വധഭീഷണിയും ഉയര്‍ത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥി സംഘം ഡീനിനെ അറിയിച്ചു.
“ഇത് ആദ്യമായല്ല മാനേജ്മെന്‍റ് വലതുപക്ഷ സംഘടനകളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നത്. മുന്നേ അംബേദ്‌കര്‍ പെരിയാര്‍ സ്റ്റഡി സെന്‍ററിനു നിരോധനം ഏര്‍പ്പെടുത്തുകയും അതേസമയം വിവേകാനന്ദ സ്റ്റഡി സെന്‍റര്‍ പോലുള്ള വലതുപക്ഷ സംഘടനകള്‍ക്ക് വളംവയ്ക്കുകയും ചെയ്യുന്ന മാനേജ്മെന്‍റ് ആണ് ഇവിടെയുള്ളത്.” ഒരു വിദ്യാര്‍ഥി ഐഇ മലയാളത്തോട് പറഞ്ഞു.

ഇന്നലെയാണ് ബീഫിന്റെ പേരില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സൂരജിനേയും സുഹൃത്ത് അനൂപിനേയും എബിവിപി അനുകൂല സംഘടന മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ മുഖത്തെ എല്ലുകള്‍ക്കും കണ്ണിനും ക്ഷതമേറ്റ സൂരജ് ഇപ്പോഴും ചികിത്സയിലാണ്. കണ്ണിനു താഴെയുള്ള എല്ലു തകര്‍ന്ന സൂരജിനെ ഉടന്‍ തന്നെ ശസ്ത്രക്രിയ്ക്കും വിധേയമാക്കേണ്ടതായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ