കോഴിക്കോട്: സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പാലിക്കാതെ അമിത വില ഈടാക്കിയ കോഴികടകള്‍ കോഴിക്കോട് മുക്കത്ത് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴികടകളിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമം. ഒരു കട പൂര്‍ണമായും അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ മറ്റ് കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു.

158 രൂപയ്ക്ക് ഒരു കിലോ കോഴി ഇറച്ചി വില്‍ക്കാമെന്ന ധാരണ തെറ്റിച്ച് 180 രൂപയ്ക്കായിരുന്നു വില്‍പന. രാവിലെ കടകളില്‍ എത്തി വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം പ്രകടനമായി എത്തി പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ത്തത്.

സംസ്ഥാനത്ത് കോഴിക്കച്ചവടക്കാർ നടത്തിവന്ന സമരം അവസാനിപ്പിക്കുകയും സർക്കാർ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വിൽക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പല കോഴി വ്യാപാരികളും ഇന്ന് ഈ ധാരണ പാലിക്കാൻ തയ്യാറായിരുന്നില്ല.

കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച യോഗത്തിലായിരുന്നു വില സംബന്ധിച്ച് തീരുമാനമുണ്ടായത്. വെട്ടിനുറുക്കിയ കോഴിയിറച്ചി കെപ്‌കോ നല്‍കുന്ന അതേ വിലയായ 158 രൂപയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചിരുന്നു.

ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നാണ് സംസ്ഥാനത്ത് കോഴിവില കുറഞ്ഞത്. എന്നാൽ ഈ വിലയ്ക്ക് വിൽക്കാനാവില്ലെന്ന് കോഴി കച്ചവടക്കാർ നിലപാട് എടുക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ കർശന നിർദേശവുമായി രംഗത്ത് എത്തിയതോടെയാണ് നേരത്തെ കച്ചവടക്കാർ സമരത്തിലേക്ക് നീങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ