കാസർഗോഡ്: ഇന്ധന വില കുതിച്ചുകയറുകയാണ്. എത്ര പ്രതിഷേധിച്ചിട്ടും കാര്യമില്ലെന്ന സ്ഥിതി. ക്രൂഡോയിൽ വില ബാരലിന് ഒറ്റ ഡോളറായാലും വില കുറയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന മട്ടിലാണ് കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ജനം നട്ടംതിരിയുമ്പോഴാണ് ഡിവൈഎഫ്ഐ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വരുന്നത്.

നാടൻ ക്രിക്കറ്റ് മൽസരത്തിനാണ് പെട്രോൾ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് നഗരത്തിൽ നിന്നും 24 കിലോമീറ്റർ കിഴക്ക് മാറി, ബിജെപിക്ക് ശക്തമായ സ്വാധീനമുളള മുള്ളേരിയക്ക് അടുത്ത് മൂടാംകുളത്താണ് ഡിവൈഎഫ്ഐ ക്രിക്കറ്റ് മൽസരം സംഘടിപ്പിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മൽസരത്തിലാണ് ഒന്നാം സ്ഥാനക്കാർക്ക് പെട്രോൾ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ വിലവർദ്ധനവിനെതിരായ പ്രതിഷേധമെന്ന നിലയിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം സ്ഥലത്തെ ഓട്ടോ ഡ്രൈവർ തമ്പാൻ നിർവ്വഹിക്കും.

ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് ട്രോഫി സമ്മാനമായി നൽകുന്നതിന് പുറമേയാണ് ഒന്നാം സ്ഥാനക്കാർക്ക് പെട്രോളും സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

“ഇന്ധനവില യാതൊരു ന്യായീകരണവുമില്ലാതെയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് ജനങ്ങളെയും യുവാക്കളെയും കൂടുതൽ ബോധവത്കരിക്കാനുളള ശ്രമമായാണ് ഈ തീരുമാനം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി കൈക്കൊണ്ടത്,” ടൂർണമെന്റിന്റെ സംഘാടകരായ മൂടാംകുളം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി കൃപേഷ് ഐഇ മലയാളത്തോട് പറഞ്ഞു.

കളിനിയമങ്ങളിലും ഏറെ മാറ്റങ്ങളുണ്ട്. മൈതാനത്തിന്റെ വലുപ്പം അനുസരിച്ച് ഒരു വശത്തേക്കാണ് റൺ സ്കോർ ചെയ്യാനാവുക. ആറ് പേർ അടങ്ങുന്നതാവും ഒരു ടീം. മൈതാനത്തിന്റെ സമീപത്തെ ചെങ്കൽ ക്വാറിയിലേക്ക് പന്ത് അടിച്ചിട്ടാൽ ബാറ്റ്സ്‌മാൻ ഔട്ടാകും.

സിക്സും ഫോറും അനുവദിച്ചിട്ടുളള മൽസരത്തിൽ എൽബിഡബ്ല്യുവിലൂടെ ഔട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ