തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ. ഐഎസും ആര്‍എസ്എസും തമ്മില്‍ താരതമ്യപ്പെടുത്താനാകില്ലെന്ന സെന്‍കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് ദുഷ്യന്ത് ദാവെ രംഗത്തെത്തിയിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍ എന്നാണ് താന്‍ കരുതിയിരുന്നതെന്നും ഇതാണ് അദ്ദേഹത്തിന്റെ നിലപാട് എന്നറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും സുപ്രീംകോടതിയില്‍ അദ്ദേഹത്തിനു വേണ്ടി താന്‍ ഹാജരാകില്ലായിരുന്നുവെന്നും ദാവെ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്നും മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നും സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

‘സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് കരുതിയത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നു കരുതിയാണ് പണം വാങ്ങാതെ ഹാജരായത്. എന്നാല്‍ കൃത്യമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് സെന്‍കുമാര്‍ എന്ന് ഇപ്പോഴാണ് മനസിലായത്.’ സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ നിരാശയുണ്ടെന്നും ദുഷ്യന്ത് ദാവെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ