കൊച്ചി: കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന് തെറ്റിദ്ധാരണയുടെ പേരിൽ സോഷ്യൽ മീഡിയായിൽ ആക്രമിക്കപ്പെട്ട എൽദോയ്ക്ക് സ്നേഹ സമ്മാനവുമായി കൊച്ചി മെട്രോ റയിൽ ലിമിറ്റഡ്. 2000 രൂപ റീച്ചാർജ് ചെയ്ത വൺ കാർഡാണ് എൽദോയ്ക്ക് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് നൽകിയത്.
അങ്കമാലി സ്വദേശിയും ഭിന്നശേഷിക്കാരനുമായ എൽദോ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെയാണ് ചിലർ പ്രചരിപ്പിച്ചത്. മെട്രോയിൽ ക്ഷീണിതനായി കിടന്ന എൽദോ, മദ്യപിച്ച് ഉറങ്ങുകയാണെന്നാണ് പലരും പ്രചരിപ്പിച്ചത്.
ഇതിന്റെ യാഥാർത്ഥ്യം പുറത്തുവന്നതോടെയാണ് എൽദോയ്ക്ക് ആശ്വാസമായത്. സംഭവത്തിൽ ഭിന്നശേഷി കമ്മിഷണർ ജി.ഹരികുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബധിരനും മൂകനുമാണ് എൽദോ. “പാമ്പ്” എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് ഭിന്നശേഷി കമ്മിഷണർ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നുപോയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടത്.
സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടന്നതോടെ എൽദോ മാനസികമായി തകർന്നിരുന്നു. ശാരീരികപരിമിതിയും സാമ്പത്തികബുദ്ധിമുട്ടും മൂലം കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എൽദോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ഭിന്നശേഷി കമ്മിഷണറുടെ ഇടപെടൽ.