സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉന്നതവിജയത്തിനൊപ്പം മറ്റൊരു വിലമതിക്കാനാവാത്ത സമ്മാനം കൂടി തൊടുപുഴ സ്വദശിയായ വിനായകനെ തേടിയെത്തിയിരിക്കുകയാണ്. തന്റെ പ്രിയതാരം കൊടുത്തയച്ച സമ്മാനം സന്തോഷത്തോടെ ഏറ്റുവാങ്ങുകയാണ് വിനായക്.

പുതിയ മോഡലിലുള്ള ഒരു സ്മാർട്ട് ഫോണാണ് വിനായകിന് ദുൽഖർ സമ്മാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിനായകിനെ നേരിട്ട് ഫോണിൽ വിളിച്ച് ദുൽഖർ​ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു വിനായക് എം. മാലിൽ.

സിബിഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോമേഴ്സ് ഐച്ഛികവിഷയമായി എടുത്ത വിനായകൻ 500ൽ 493 മാർക്കാണ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ‘മൻ കീ ബാത്തി’ൽ സംവദിക്കവേയായിരുന്നു പ്രധാനമന്ത്രി വിനായകിനെ അഭിനന്ദിച്ചത്. വിനായകിനെ അദ്ദേഹം ഡല്‍ഹിയിലേക്കു ക്ഷണിക്കുകയും ചെയ്തു.

സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കും വിനായകിനാണ്. അക്കൗണ്ടൻസി,​ ബിസിനസ് സ്റ്റഡീസ്,​ ഇൻഫമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ നൂറിൽ നൂറും മാർക്കും വിനായക് നേടി.

തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലിൽ വീട്ടിൽ കൂലിപ്പണിക്കാരായ മനോജിന്റെയും തങ്കമ്മയുടെയും മകനാണ് വിനായക്. വിഷ്ണുപ്രസാദാണ് സഹോദരൻ. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി അസൂയാവഹമായ നേട്ടം കൈവരിച്ച വിനായകിനെ തേടി അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് വിനായക് ഇപ്പോൾ.

Read more: അരുന്ധതി റോയിയുടെ പ്രസംഗം കാലിക്കറ്റ് സര്‍വകലാശാലാ പാഠ പുസ്തകത്തില്‍, പിന്‍വലിക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.