കൊച്ചി: മകളുടെ ഭര്‍ത്താവ് തന്നില്‍നിന്നു 107 കോടി രൂപ തട്ടിയെന്ന പരാതിയുമായി ദുബായിലെ മലയാളി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസന്‍. മകള്‍ക്കു സമ്മാനമായി നല്‍കിയ 1000 പവന്‍ സ്വര്‍ണാഭരണങ്ങളും മരുമകന്‍ മുഹമ്മദ് ഹാഫിസ് തട്ടിയതായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി ആരോപിച്ചു.
തന്റെ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം മുഹമ്മദ് ഹാഫിസും സ്വന്തമാക്കിയതായാണ് അബ്ദുള്‍ ലാഹിര്‍ ഹസന്റെ ആരോപണം. സംഭവത്തില്‍ ഇദ്ദേഹം മൂന്ന് മാസം മുമ്പ് ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട തുക 100 കോടിയിലധികം വരുന്നതിനാല്‍ കേസ് വ്യാഴാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഗോവയിലുണ്ടെന്നാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതു പോയിട്ട് ചോദ്യം ചെയ്യാന്‍ വിളിക്കാന്‍ പോലും ആലുവ പൊലീസ് തയാറായില്ലെന്നു ഹസന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. മുഹമ്മദ് ഹാഫിസിന്റെ ഉപയോഗത്തിന് നല്‍കിയ ഒന്നരക്കോടി രൂപ വിലയുള്ള കാര്‍ ഇയാളില്‍നിന്ന് പൊലീസിനു കണ്ടെടുക്കാനായില്ലെന്നും ഹസന്‍ പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനു ശേഷം ചുമത്തിയ പിഴ അടയ്ക്കാനെന്നു പറഞ്ഞ് മരുമകന്‍ നാല് കോടിയോളം രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് ഹസന്‍ പറഞ്ഞു. അതിനുശേഷം, ഭൂമി വാങ്ങണം, ഫൂട്ട്‌വെയര്‍ ഷോറൂം തുറക്കണം തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞു മരുമകന്‍ തന്നില്‍നിന്ന് 92 കോടിയിലധികം രൂപ നേടിയെടുത്തതായും ഹസന്‍ ചാനലിനോട് പറഞ്ഞു.
മുഹമ്മദ് ഹാഫിസ് ഒറ്റയ്ക്കല്ല അതെല്ലാം ചെയ്തതെന്നും ഒരു പങ്കാളിയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അക്ഷയ് തോമസ് വൈദ്യന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. മരുമകന്റെ പേരിനൊപ്പം ഇയാളുടെ പേരും ഹസന്‍ പൊലീസിനു നല്‍കിയ പരാതിയിലുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.