കോഴിക്കോട്: ദുബായില്‍ ബസപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ ഇന്ന്​ നാട്ടിൽ സംസ്കരിക്കും. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ്​ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്​. എയർ ഇന്ത്യ, എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.
തൃശൂർ തളിക്കുളം സ്വദേശി കൈതക്കൽ അറക്കൽ വീട്ടിൽ ജമാലുദ്ദീന്റെ മൃതദേഹം എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്കാണ് കൊണ്ടു വന്നത്. ഉമറിന്റെ ഇളയ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു.

തൃശൂർ സ്വദേശി കിരണിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ദുബായിൽനിന്ന് കൊണ്ടുപോയി. ഉമ്മർ, നബീൽ, കിരൺ എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചു. രാത്രിയോടെ ദുബായിൽനിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ കാർത്തികേയൻ, തിരുവനന്തപുരം സ്വദേശി ദീപ കുമാർ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂർ മൊറാഴ സ്വദേശി പുതിയപുരയിൽ രാജന്റെ മൃതദേഹം ഞായറാഴ്ച പകൽ നാട്ടിലെത്തിക്കും.

Read More: ദുബായിൽ ബസ് അപകടം; 6 മലയാളികൾ അടക്കം 17 മരണം

മരിച്ച ഉത്തരേന്ത്യൻ സ്വദേശിനി രോഷ്‌നി മൂൽചാന്ദ്‌നിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. അപകടത്തിൽ മരിച്ചത് ഏഴ് മലയാളികളാണെന്ന് സ്ഥിരീകരിച്ചു. എട്ട് മലയാളികൾ മരിച്ചെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മരിച്ച വാസുദേവൻ വിഷ്ണുദാസ് മുംബൈ സ്വദേശിയാണ്. മൃതദേഹം ശനിയാഴ്ച രാത്രി മുബൈയിലേക്ക് കൊണ്ടുപോയി.

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍(47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍(40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി(25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്നും വ്യാഴാഴ്ച ദുബായിലേക്ക് വന്ന ബസാണ് യു.എ.ഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.