കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച 50 സ്കൂൾ ബസ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തെന്ന് ഐജി വിജയൻ. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുളള കുറ്റങ്ങൾ ചുമത്തും. ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും സ്കൂൾ ബസുകളിലെ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ 7 മണിയോടെയാണ് ഐജിയുടെ നിർദേശ പ്രകാരം സ്കൂൾ ബസുകളിൽ പരിശോധന നടത്തിയത്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതിന്റെ പേരിൽ മാത്രം 50 ഓളം ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തത്. ബസുകളിൽ അമിതമായി കുട്ടികളെ തിരുകിക്കയറ്റുക, വാഹനത്തിൽ വേണ്ടത്ര സുരക്ഷ ഇല്ലാതിരിക്കുക, തകരാറുളള വാഹനം കുട്ടികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുക എന്നിങ്ങനെയുളള കുറ്റങ്ങൾ ചുമത്തി 98 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്യപിച്ചതിന്റെ പേരിൽ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിൽ രണ്ടാം തവണയാണ് സ്കൂൾ ബസുകളിൽ പരിശോധന നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ