കൊച്ചി : ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലും ‘അഴിഞ്ഞാടി’. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ലോക്കപ്പില്‍ വെച്ച് വസ്ത്രം ഉരിഞ്ഞ് പൊലീസുകാരെ സാക്ഷികളാക്കുകയായിരുന്നു. കൊച്ചിയിലെ പളളുരുത്തി പൊലീസ് സ്റ്റേഷനിലാണ് നഗ്നതാ പ്രദര്‍ശനം നടന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരാണ് അതിക്രമം കാട്ടിയത്. തങ്ങളെ ആക്രമിച്ചെന്ന് കാട്ടി ദമ്പതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ യാത്ര ചെയ്യവെയാണ് പ്രതികള്‍ ദമ്പതികളെ ആക്രമിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ഇവര്‍ വഴിനീളെ പൊലീസിനെ ചീത്ത പറയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് ലോക്കപ്പില്‍ വെച്ചും പരാക്രമം തുടര്‍ന്നു. ലഹരിമരുന്ന് കേസിലും പ്രതികളായ ഇവര്‍ വസ്ത്രം ഊരിമാറ്റി പൊലീസിനെ വെല്ലുവിളിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. കൂടാതെ ലോക്കപ്പിലെ സാധനസാമഗ്രികളും ഇവര്‍ തകര്‍ത്തു. പൊലീസ് തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മൂവരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ