കൊച്ചി: ഷാഡോ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കൊച്ചിയിൽ 24 ബസ് ജീവനക്കാർ കുടുങ്ങി. ഞായറാഴ്ച ദിവസം ട്രിപ്പ് മുടക്കി മദ്യപിച്ചവരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. ഇവരിൽ ഏഴ് ഡ്രൈവർമാരും പതിനേഴ് ജീവനക്കാരും തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിൽ കുടുങ്ങി.
ജൂണിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് പൊലീസ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ ഹണി കെ.ദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മൂന്ന് ടീമുകളായി തിരിഞ്ഞു. പള്ളുരുത്തി, എറണാകുളം ടൗൺ, കളമശേരി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഞായറാഴ്ച രാത്രി സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നുവെന്നും പിന്നീട് മദ്യപിച്ച ശേഷം തിങ്കളാഴ്ച രാവിലെ ഇവർ വാഹനം ഓടിക്കാനെത്തുന്നുവെന്നും പൊലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ ട്രാഫിക് സുരക്ഷ പാലിക്കാനാണ് പരിശോധന നടത്തിയത്.
ഏഴ് ഡ്രൈവർമാരെ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഓടിച്ചിരുന്ന വാഹനങ്ങൾ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ, എറണാകുളം ടൗൺ സെൻട്രൽ പൊലീസ് സ്റ്റേഷൻ, എറണാകുളം ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷൻ, കളമശേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി കസ്റ്റഡിയിൽ വച്ചു. ഈ വാഹനങ്ങൾ പിന്നീട് ഉടമകൾക്ക് വിട്ടുകൊടുത്തു.
തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഏഴര വരെയാണ് പരിശോധന നടത്തിയത്. 650 ലേറെ ബസുകളാണ് ഈ പ്രദേശത്താകെ സർവ്വീസ് നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളം ട്രാഫിക് പരിശോധനകൾ കർശനമായി നടത്തണമെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.