പമ്പ: ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ലോകപ്രശസ്ത ഡ്രംസ് മാന്ത്രികന് ശിവമണി. കോവിഡ് മഹാമാരി മൂലമുണ്ടായ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവമണി ശബരിമലയിലെത്തുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ശിവമണിയുടെ നേതൃത്വത്തില്‍ സംഗീതവിരുന്ന് നടന്നത്. സന്നിധാനം ശ്രീ ശാസ്ത ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പരിപാടി.
ശംഖുവിളിയോടെയായിരുന്നു സംഗീത വിരുന്നിന് ശിവമണി തുടക്കമിട്ടത്. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തില്‍ സമന്വയിച്ചു, കൂട്ടിന് മലയാളികളുടെ പ്രിയ ഗായകന് വിവേക് ആനന്ദും കീ ബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തില്‍ പങ്കുചേര്‍ന്നു. കാഴ്ചക്കാരായി ഭക്തജന സാഗരവും. ദര്‍ശനത്തിനായി എത്തിയവരും മടങ്ങുന്നവരും ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 2018-ല്‍ സന്നിധാനത്തെത്തിയ ശിവമണിക്ക് പരിപാടി അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചിരുന്നില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യപ്പനെ ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും അയ്യനെ വണങ്ങി സന്തോഷത്തോടെ വേണം മലയിറങ്ങാന്‍, ശിവമണി പറഞ്ഞു. 1984 മുതല്‍ മണ്ഡലകാലത്ത് ശിവമണി ശബരിമലയിലെത്താറുണ്ട്.

ഇത്തവണ സംഗീത വിരുന്നിന് പുറമെ ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കിവരുന്ന സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം ‘പവിത്രം ശബരിമല’ പദ്ധതിയിലും ശിവമണി പങ്കാളിയായി.
ശബരിമല സന്ദര്‍ശനത്തിനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കണമെന്നും പുണ്യഭൂമിയെ പരിപൂര്‍ണ്ണമായി കാത്തുസൂക്ഷിക്കണമെന്നും ശിവമണി പറഞ്ഞു. തുടര്‍ന്ന് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന വോളണ്ടിയര്‍മാര്‍ക്ക് ക്യാപ്പ് വിതരണം നടത്തിയ ശിവമണി അവരെ അഭിനന്ദിക്കുകയും ചെയ്തു.