കൊച്ചി: ചെന്നൈയിൽ നിന്ന് ന്യൂ ഇയർ ആഘോഷത്തിനായി കൊച്ചിയിൽ അഞ്ച് കോടിയുടെ മയക്കുമരുന്ന് എത്തിച്ച ഇബ്രാഹിം ഷെരീഫ് വിദേശയാത്ര നടത്തിയത് 15 തവണ. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ പ്രതി എങ്ങിനെയാണ് ഇത്രയും തവണ വിദേശ യാത്ര നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വസ്ത്രം കയറ്റുമതി ചെയ്യുന്ന വ്യാപാരിയായാണ് ഇയാൾ വിദേശയാത്രകൾ നടത്തിയതെന്നാണ് വിവരം. ഇത് കൊച്ചിയിലെ പാർസൽ ഓഫീസിൽ നിന്ന് 200 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവവുമായി സാമ്യമുണ്ട്. സാരികൾക്കിടയിൽ ഒളിപ്പിച്ചാണ് അന്നും മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചത്.
പാർസൽ ഓഫീസ് വഴി 200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ എക്സൈസ് വകുപ്പ് തിരയുന്നത് അലി ഭായ് എന്ന ചെന്നൈ സ്വദേശിയെയാണ്. അഞ്ച് കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ബിഗ് ബോസ് എന്നറിയപ്പെടുന്ന ഇബ്രാഹിം ഷായെയും തിരയുന്നുണ്ട്.
എന്നാൽ “സാരി” ഉപയോഗിച്ചുളള കടത്ത് ഈ സംഘം സ്ഥിരമായി പരീക്ഷിച്ച് വിജയിച്ച വഴിയായിരിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ രണ്ട് കേസുകളുമായും ബന്ധപ്പെട്ട് സാമ്യതയുളള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചിയിലേക്ക് 50 കിലോഗ്രാം മയക്കുമരുന്ന് എത്തിക്കാനാണ് സംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പദ്ധതി പിന്നീട് മാറ്റി. എംഡിഎംഎ വിഭാഗത്തിൽ പെട്ട ഐസ് മെത്ത് അപര നാമത്തിലറിയപ്പെടുന്ന മെത്താംഫിറ്റമിൻ രണ്ട് കിലോയും ഹാഷിഷ് ഓയിൽ രണ്ട് ലിറ്ററുമാണ് ഉണ്ടായിരുന്നത്. അനധികൃത വിപണിയിൽ ഇതിന് അഞ്ച് കോടിയോളം വില വരും.
അതേസമയം എംഡിഎംഎ വിഭാഗത്തിൽ പെട്ട മയക്കുമരുന്നുകളുടെ വ്യാപാരം തടയാൻ ശക്തമായ റെയ്‌ഡ് വരും ദിവസങ്ങളിലും നടത്തും. മ്യൂസിക് പാർട്ടികളിലും ഡിജെ പാർട്ടികളിലും ലഹരി വസ്തുക്കൾ വ്യാപകമായി വിതരണം ചെയ്യാനുളള സാധ്യത മുൻകൂട്ടി കണ്ടാണ് നീക്കം.
അതേസമയം എംഡിഎംഎ യുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ കേസിൽ ഇടനിലക്കാരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ബെംഗലുരു, ചെന്നൈ, മുംബൈ, ഗോവ നഗരങ്ങളിലെ മയക്കുമരുന്ന് വിപണനവുമായി കൊച്ചിയ്ക്കും ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന സൂചന.
അതേസമയം മയക്കുമരുന്ന് വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച് കടൽമാർഗ്ഗം ഇന്ത്യയിലെത്തിക്കുന്നതാണെന്നാണ് വിവരം. അഞ്ച് കോടിയുടെ മയക്കുമരുന്നുമായി പിടിയിലായ ഷെരീഫ് മലേഷ്യ-സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഇയാളുടെ മലേഷ്യയിലെയും സിങ്കപ്പൂരിലെയും വ്യാപാര ബന്ധങ്ങളെ കുറിച്ചും പൊലീസ് അന്വേഷിക്കും. പക്ഷെ ഷെരീഫ്, ഇടനിലക്കാരൻ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ‘ബിഗ് ബോസി’നെക്കുറിച്ച് ഇയാ ഒന്നും പറയാൻ തയ്യാറായിട്ടില്ല.