കൊച്ചി: അന്താരാഷ്ട്ര വിപണയില്‍ 200 കോടിയോളം വിലമതിക്കുന്ന മയക്ക് മരുന്നായ എംഡിഎംഎ കൊച്ചിയില്‍ പിടികൂടി. സംസ്ഥാന എക്‌സൈസ് വകുപ്പാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്ന് പിടി കൂടിയത്. 32 കിലോ തൂക്കം വരുന്ന ലഹരി പദാര്‍ത്ഥമാണ് കണ്ടുപിടിച്ചത്.

എറണാകുളം എംജി റോഡ് ഷേണായീസ് ജങ്ഷന് സമീപത്തുള്ള കൊറിയര്‍ സര്‍വ്വീസ് സെന്ററില്‍ നിന്നുമാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമൈന്‍ ഇനത്തില്‍ പെട്ട മയക്കുമരുന്ന് കണ്ടെത്തിയത്. പൊടി രൂപത്തിലാക്കി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മരുന്ന് കണ്ടെത്തിയത്.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന്് വേട്ടയാണിത്. 1927ല്‍ കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണിത്. പൊടിരൂപത്തില്‍ ശരീരത്തിന് ഉള്ളില്‍ ചെ്ന്നാല്‍ 40 മിനുറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. ആറ് മണിക്കൂറോളം ഉപയോഗിക്കുന്നയാളില്‍ വര്‍ധിത വീര്യത്തോടെ ഇത് പ്രവര്‍ത്തിക്കും. പാഴ്സല്‍ സര്‍വിസില്‍ എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ എത്തിയത്.

എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. ‘ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയിലേക്കാണ് ഈ സംഭവം പോകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല. പ്രതികളെ കുറിച്ച് ചില സൂചനകളുണ്ട്.’ ഇക്കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് എറണാകുളം എക്സെെസ് ഡെപ്യൂട്ടി കമ്മീഷണർ എഎസ് രഞ്ജിത്ത് പറഞ്ഞു.

മരുന്ന് മലേഷ്യയിലേയ്ക്കു കടത്താനാണു പദ്ധതിയിട്ടിരുന്നതെന്നും എക്‌സൈസ് സംശയിക്കുന്നു. രാജ്യത്തിനു പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്‌സൈസ് തീരുമാനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.