തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വര്‍ധന. നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമ പ്രകാരം 2022-ല്‍ 26,629 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
2016-ലെ കണക്കുകളുമായി പരിശോധിക്കുമ്പോള്‍ പുതിയ കേസുകളില്‍ 300 ശതമാനത്തിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2016-ല്‍ 5924 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. കോവിഡ് മഹാമാരിയുടെ കാലത്ത് (2019) 9,245 കേസുകളും റജിസ്റ്റര്‍ ചെയ്തു.
2016 മുതല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രകടമായിരുന്നു. എന്നാല്‍ 2020, 2021 വര്‍ഷങ്ങളില്‍ ഇടിവ് സംഭവിച്ചിരുന്നു. 2022 എത്തിയപ്പോള്‍ കുത്തനെയുള്ള വര്‍ധനവാണ് സംഭവിച്ചത്.
എന്‍ഡിപിഎസ് നിയമ പ്രകാരം അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2016-ല്‍ 3,217 പേരാണ് അറസ്റ്റിലായത്. 2022-ലെത്തിയപ്പോള്‍ ഇത് 6,031 ആയി ഉയര്‍ന്നു. 87.47 ശതമാനം വര്‍ധനവാണ് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം ഉയരുന്നതെന്ന് എഡിജിപിയും എക്സൈസ് കമ്മിഷണറുമായ എസ് അനന്തകൃഷ്ണന്‍ ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. “എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ ലഹരിമരുന്നുകളുടെ ലഭ്യത വർധിച്ചിട്ടുണ്ട്. ഇവയുടെ ലഭ്യതയെക്കുറിച്ച് യുവാക്കൾ ഇപ്പോൾ ബോധവാന്മാരാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിൽ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുമിറ്റോ ഫുഡ്സിന്റെ പഴങ്ങള്‍ കൊണ്ടു പോകുന്ന കണ്ടെയ്നറിൽനിന്ന് 502 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. കമ്പനിയുടെ എംഡിയായ വിജിന്‍ വര്‍ഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. നേരത്തെ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് കാര്‍ട്ടണില്‍ നിന്ന് 1,476 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമിൻ, കൊക്കൈന്‍ എന്നിവ കണ്ടത്തിയ സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 165 കിലോ കഞ്ചാവാണ് പാലക്കാട് ജില്ലയില്‍നിന്ന് എക്സൈസ് പിടികൂടിയത്. ഓഗസ്റ്റില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ ജില്ലയില്‍നിന്നു തന്നെ അറസ്റ്റിലായിരുന്നു.
ഏഴു വര്‍ഷമായി എംഡിഎംഎ കേരളത്തില്‍ ലഭ്യമാണെന്നാണു വിവരം. ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നതെന്നും എക്സൈസ് കമ്മിഷണര്‍ പറഞ്ഞു.