തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നെത്തും. ഉച്ച കഴിഞ്ഞ് ഒന്നേ മുക്കാലോടെയാണ് രാഷ്ട്രപതി കൊച്ചിയിലെത്തുക. പ്രസ്തുത സാഹചര്യത്തില്‍ കൊച്ചിയുടെ വിവിധ മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നെടുമ്പാശേരി, ആലുവ, പശ്ചിമ കൊച്ചി, കൊച്ചി സിറ്റി എന്നിവിടങ്ങളിലായിരിക്കും നിയന്ത്രണങ്ങള്‍. ദേശിയ പാതയില്‍ മുട്ടം മുതല്‍ അത്താണി വരെ ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ടര വരെയും വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെയും നിയന്ത്രണമുണ്ടാകും.
നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒന്ന് മുതല്‍ ആറ് മണി വരെയുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്ക് വരുന്നത് ഇത് കണക്കു കൂട്ടിയായിരിക്കണം യാത്ര തിരിക്കേണ്ടതെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
രാഷ്ട്രപതിയുടെ പരിപാടികള്‍
വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി ഇന്ന് സന്ദര്‍ശിക്കും. നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന മെഡലായ പ്രസിഡന്റ്സ് കളര്‍ സമ്മാനിക്കും.
നാളെ രാവിലെ ഒന്‍പതരയോടെ മാത അമൃതാന്ദമയി മഠം സന്ദര്‍ശിക്കും. ശേഷം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ രാഷ്ട്രപതിയെത്തും. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം ലക്ഷദ്വീപിലേക്ക് രാഷ്ട്രപതി തിരിക്കും. ശേഷം 21-ാം തീയതി കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.