തിരുവനന്തപുരം: പാലക്കാട് വേനൽകനത്തതോടെ കുടിവെള്ളം രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ പാലക്കാടെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ പെപ്സി കമ്പനിക്ക് എതിരെ സമരം ശക്തമാവുകയാണ്.രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തിലും പെപ്‌സി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന ജലചൂഷണം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരടേണ്ടിവരുമെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

2011ല കോടതി ഉത്തരവിന്റെ ബലത്തിലാണ് പെപ്‌സി കമ്പനി പ്രതിദിനം 2.3 ലക്ഷം ലിറ്റര്‍ എന്ന തോതില്‍ ഇപ്പോഴും ജലചൂഷണം തുടരുന്നത്. ഏഴ് കുഴല്‍ക്കിണറുകളില്‍ മൂന്നെണ്ണത്തിലും പമ്പിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത വരള്‍ച്ച കണക്കിലെടുത്ത് പെപ്‌സി കമ്പനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ജലം നിര്‍ത്തലാക്കണമെന്ന് കാണിച്ച് ജനുവരിയില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും അതിനു ശേഷവും ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ്.

മലമ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടിവരുന്ന സാഹചര്യം ഉരുത്തിരിഞ്ഞിട്ടുംഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തില്‍, ഇനിയും ജനങ്ങള്‍ക്കവകാശപ്പെട്ട കുടിവെള്ളം ഊറ്റിയെടുക്കാന്‍ പെപ്‌സി കമ്പനിക്ക് അവസരമൊരുക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് വിഎസ് വ്യക്തമാക്കി.

മലമ്പുഴ എം എൽ എയും ഭരണപരിഷ്ക്കാരകമ്മിഷൻ ചെയർമാനുമായ വി എസ് ഈ വിഷയത്തിൽ രംഗത്തു വരുന്നത് സർക്കാരിന് തലവേദനയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.