കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായോഗിക പരീക്ഷകള്‍ ഇന്നു മുതല്‍ കര്‍ക്കശമാക്കാനാവുള്ള തീരുമാനം മോട്ടോര്‍വാഹന വകുപ്പ് തല്‍ക്കാലത്തേക്കു മാറ്റിവച്ചു. പരീക്ഷകള്‍ 15 ദിവസത്തേക്കു പഴയരീതിയില്‍ തുടരും. മാര്‍ച്ച് ആറു മുതല്‍ മാത്രമേ പുതിയ രീതിയില്‍ പരീക്ഷകള്‍ നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

‘എച്ച് ‘ പരീക്ഷയ്ക്ക് അതതു പോയിന്റുകളില്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ച് അടിയില്‍നിന്ന് രണ്ടരയടിയായി കുറയ്ക്കാനായിരുന്നു തീരുമാനം. കമ്പി കാണാന്‍ വാഹനത്തിന്റെ വാതിലിലൂടെ തല പുറത്തേക്കിട്ട് നോക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. പകരം ഇരുവശത്തെയും ഡ്രൈവര്‍ക്കു മുന്നിലെയും കണ്ണാടിയിലൂടെ നോക്കി മാത്രമേ ടെസ്റ്റ് അനുവദിക്കൂ. കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് കെട്ടിയിടും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ അവസരം നഷ്ടമാകും. റോഡ് പരീക്ഷയ്ക്ക് കയറ്റത്തില്‍ നിര്‍ത്തിയിട്ട വാഹനം പിന്നോട്ടുനീങ്ങാതെ മുന്നോട്ടെടുക്കുകയും വേണം. ഈ വ്യവസ്ഥകള്‍ ഇന്നു മുതലാണു നടപ്പാകേണ്ടിയിരുന്നത്.

പുതിയ സമ്പ്രദായത്തില്‍ ഡ്രൈവിങ് പരിശീലിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞദിവസം വിളിച്ച യോഗത്തില്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കണക്കിലെടുത്താണു നാല് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ പരീക്ഷകള്‍ 15 ദിവസത്തേക്കു കൂടി പഴയരീതിയില്‍ നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടത്. മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാനത്തെ 76 ടെസ്റ്റ് ഗ്രൗണ്ടുകളിലും പുതിയ സമ്പ്രദായത്തിലായിരിക്കും ഡ്രൈവിങ് പ്രായോഗിക പരീക്ഷകള്‍ നടക്കുക.

ഡ്രൈവിങ് പരീക്ഷകള്‍ കര്‍ക്കശമാക്കാനുള്ള ശ്രമം സ്വാഗതാര്‍ഹമാണെങ്കിലും ഇക്കാര്യത്തില്‍ നാല് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ ഒഴികെയുള്ള കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലെന്നാണ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം പരിഹരിക്കാന്‍ വകുപ്പ് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായുള്ള ചര്‍ച്ചയില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട്, കണ്ണൂര്‍, പാറശാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്കുകളുള്ളത്. ഇതില്‍ ഏറ്റവും ഒടുവില്‍ നിര്‍മിച്ച തിരുവനന്തപുരം കേന്ദ്രം മാത്രമാണ് യഥാര്‍ഥ നിലവാരത്തിലുള്ളത്. മറ്റു കേന്ദ്രങ്ങളില്‍ റോഡ് പരീക്ഷയ്ക്കുള്ള റാമ്പിന്റെ നിര്‍മാണം അശാസ്ത്രീയമാണ്. ഇവ ഉടന്‍ പൊളിച്ചുപണിത് പുതിയ രീതിയിലുള്ള റോഡ് പരീക്ഷയ്ക്ക് സജ്ജമാക്കും. കാസര്‍ക്കോട്, തളിപ്പറമ്പ്, തൃപ്പൂണിത്തുറ, എറണാകുളം ഉള്‍പ്പെടെ ആറ് സ്‌ലത്തുകൂടി ഉടന്‍ കമ്പ്യൂട്ടര്‍വത്കൃത ടെസ്റ്റ് ട്രാക്കുകള്‍ ഉടന്‍ നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് ഇത്തരം ടെസ്റ്റ് ട്രാക്കുകളുടെ എണ്ണം പത്താവും. 2018 ഓടെ സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും ക്യാമറാ-സെന്‍സര്‍ നിയന്ത്രിത കമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിങ് പരീക്ഷ നടത്താനാകുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പ്രതീക്ഷ.

കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ച് രാജ്യത്ത് മുഴുവന്‍ ഡ്രൈവിങ് പ്രായോഗിക പരീക്ഷ കേന്ദ്രങ്ങളും 2018 ഓടെ കമ്പ്യൂട്ടര്‍വത്കൃതമാകണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റു 72 കേന്ദ്രങ്ങളിലും ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്കുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്. ഇക്കാര്യത്തില്‍ സ്ഥലഭ്യതയാണ് പ്രധാന തടസമാവുന്നത്. ഓട്ടോമേറ്റഡ് ട്രാക്ക് സ്ഥാപിക്കാന്‍ ചുരുങ്ങിയ ഒരു ഏക്കറെങ്കിലും ആവശ്യമാണ്. സ്ഥലം വാടകയ്‌ക്കെടുത്തോ ബി.ഒ.ടി. അടിസ്ഥാനത്തിലോ ആധുനിക ട്രാക്ക് ഒരുക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

പ്രായോഗിക പരീക്ഷ കര്‍ശനമാക്കാനുള്ള തീരുമാനം ഡ്രൈവിങ് നിലവാരം വര്‍ധിപ്പിക്കാനും അഴിമതി കുറയ്ക്കാനും സഹായിക്കുമെന്നാണ് കേരള മോട്ടോര്‍ ഡ്രൈവിങ് ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. പുതിയ സമ്പ്രദായത്തില്‍ ഡ്രൈവിങ് പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിനാല്‍ പരിശീലന ഫീസ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഷ്‌റഫ് നരിമുക്കില്‍ പറഞ്ഞു. പരിശീലന സമയവും ഫീസും സര്‍ക്കാര്‍ നിശ്ചിയക്കണമെന്ന നിര്‍ദേശവും അസോസിയേഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യം നേരെത്തെ തന്നെ മോട്ടോര്‍വാഹന വകുപ്പ് സര്‍ക്കാരിന്റെ പരിഗണനയ്ക്കു വച്ചിരുന്നു. പരിശീലനത്തിന് സ്വന്തം ഗ്രൗണ്ട് ഒരുക്കാന്‍ അസോസിയേഷന്‍ ശ്രമമാരംഭിക്കും. നിലവില്‍ അസോസിയേഷന്റെ കീഴില്‍ തലശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശീലന ഗ്രൗണ്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.