തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി ഈ വർഷാവസാനം വരെ നീട്ടി നൽകി സർക്കാർ ഉത്തരവിട്ടു. നിലവിൽ നൽകിയ ഇളവ് അവസാനിക്കാൻ രണ്ട് ദിവസം ബാക്കിനിൽക്കെയാണ് സർക്കാർ വീണ്ടും രണ്ട് മാസം കൂടി നീട്ടി നൽകിയത്.
ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തെ നൽകിയ ഇളവുകൾ ഒക്‌ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കാലവധി നീട്ടി നൽകിയത്.
കോവിഡ് മഹാമാരിയിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും ഗതാഗത മന്ത്രി അറിയിച്ചു.
Also Read: വാഹനാപകടങ്ങളിൽ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ വഹിക്കാനുള്ള നടപടി വേണം; ഹൈക്കോടതിയിൽ ഹർജി