കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ പ്രതിയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഇന്നോവ കാര്‍ അമിതവേഗതയിലായിരുന്നെന്നും വാഹനമോടിച്ചിരുന്ന യുവാവ് ജോസ് കെ മാണിയുടെ മകനാണെന്ന് പറഞ്ഞതായും ദൃക്സാക്ഷിയായ ജോമോന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജോമോന്റെ പ്രതികരണം.
”വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടം കറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീഴുകയായിരുന്നു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. അപ്പോള്‍ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു,” ജോമോന്‍ വ്യക്തമാക്കി.
എന്നാല്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആരോപണം ഉയരുന്നത്. അപകടത്തിന്റെ എഫ്ഐആറില്‍ ജോസ് കെ മാണിയുടെ മകന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. 45 വയസ് പ്രായമുള്ളയാള്‍ എന്ന് മാത്രമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഫ്ഐആര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കെ എം മാണി ജൂനിയര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിന്നിലിടിച്ച് രണ്ട് പേരാണ് മരണപ്പെട്ടത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്.
കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബൈക്ക് പിന്നിലിടിക്കാനുള്ള കാരണമെന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കെ എം മാണി ജൂനിയറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.