തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എസി സർവീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സർവീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരിമറി കാട്ടിയ സംഭവത്തിലും ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം​ഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എസി സർവീസിൽ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം കണ്ടക്ടർമാരായ കെ.റ്റി.ശ്രീരാജ്, വി.എം.ബിജീഷ് എന്നിവരെയായിരുന്നു. എന്നാൽ കണ്ടക്ടർ ചുമതല ഉണ്ടായിരുന്ന വി.എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവർ കം കണ്ടക്ടർ ആയിരുന്ന എം.സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി.ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതല വഹിച്ച് കോർപ്പറേഷനെ കബളിപ്പിച്ച് സർവീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്‌പെൻഡ് ചെയ്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ ഇവരെ കൊല്ലം വിജിലൻസ് വിഭാ​ഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും, ലോ​ഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാർഡിലും വ്യത്യാസം തോന്നിയതിനെ തുടർന്ന് നടപടിയെടുത്തത്.

Read More: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യത്തിന്റെ വില കൂടും

ഈ ബസിലെ ഡ്രൈവറായ ശ്രീരാജ് ടിക്കറ്റ് ആൻഡ് ക്യാഷിലും, റിസർവേഷൻ കൗണ്ടറിലും വി.എം.ബിജീഷിന്റെ പേര് പറഞ്ഞ് വേബിൽ, റിസർവേഷൻ ചാർട്ട് എന്നിവ വാങ്ങി, വേബിൽ, ലോ​ഗ് ഷീറ്റ് എന്നിവയിൽ സ്റ്റേഷൻമാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരെ കാണിച്ച് രേഖകളിൽ വി.എം.ബിജീഷിന്റേയും, കെ.റ്റി ശ്രീരാജിന്റേയും പേരുകൾ എഴുതി ചേർത്ത് കോർപറേഷനെ കബളിപ്പിച്ച് ആൾമാറാട്ടം നടത്തുന്നതിന് കൂട്ടു നിന്നതിനാണ് നടപടിയെടുത്തത്.

കോർപറേഷന്റെ അന്തർ സംസ്ഥാന സർവീസായ സ്കാനിയ സർവീസിൽ ഷെഡ്യൂൾ പോസ്റ്റ് ചെയ്ത ഡ്രൈവർ കം കണ്ടക്ടറിന് പകരം, കോർപറേഷൻ ഡ്യൂട്ടിക്ക് നിയോ​ഗിക്കാതിരുന്നിട്ടും കണ്ടക്ടർ ചുമതല വഹിച്ച് ആൾമാറാട്ടം നടത്തിയ എം.സന്ദീപിന്റെ പ്രവൃത്തി കോർപറേഷന് അവമതിപ്പും, കോർപറേഷന്റെ സത്പേരിന് കളങ്കം ചാർത്താനും ഇടയായത് ​ഗുരുതരമായ അച്ചടക്കലംഘനമെന്ന് കാട്ടിയാണ് സന്ദീപിനെ സസ്‌പെൻഡ് ചെയ്തത്.

സ്കാനിയ സർവീസിൽ ഡ്രൈവർ കം കണ്ടക്ടറായി ഷെഡ്യൂൾ പോസ്റ്റ് ചെയ്തിട്ടും മേലധികാരികളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന വി.എം.ബിജീഷിന്റെ പ്രവൃത്തി ​ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവൽ കാർഡുകൾ വിതരണം നടത്തുന്നതിലും, ക്യാഷ് കൗണ്ടറിൽ പണം അടച്ചതിലും ഉണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 21 ന് കാട്ടാക്കട യൂണിറ്റിൽ ബോണ്ട് സർവീസ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി ചീഫ് സ്റ്റോറിൽ നിന്നും ലഭ്യമാക്കിയ 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് വിൽപന നടത്തുന്നതിന് വേണ്ടി കണ്ടക്ടർമാരായ എ.അജി, എം.സെയ്ദ് കുഞ്ഞ് എന്നിവരെ യൂണിറ്റോഫീസർ ചുമതലപ്പെടുത്തി രജിസ്ട്രറിൽ രേഖപ്പെടുത്തി ഇരുവരേയും ഏൽപ്പിക്കുകയും ചെയ്തിരുന്നു. കണ്ടക്ടർമാർ ക്രമം തെറ്റിയാണ് കാർഡുകൾ വിൽപന നടത്തിയതെന്നും കാർഡുകൾ വിറ്റതിന് ശേഷം കണ്ടക്ടർമാർ വിറ്റു പോയ എല്ലാ കാർഡുകളും വേബില്ലിൽ രേഖപ്പെടുത്താതെ പണം അടച്ചിരിക്കുന്നതായും, വേബില്ലിൽ രേഖപ്പെടുത്താതെ വിൽപന നടത്തിയ കാർഡുകളുടെ വില ദിവസങ്ങളോളം കൈയ്യിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞമാസം 18 ന് ബോണ്ട് കാർഡുകളുടെ ചുമതല ഡിപ്പോയിലെ മറ്റൊരു കണ്ടക്ടർക്ക് നൽകുന്നതിന് യൂണിറ്റോഫീസർ നൽകിയ നിർദേശ പ്രകാരം കാർഡുകൾ കൈമാറുന്ന സമയത്ത് അന്നേ ദിവസം വിറ്റ കാർഡുകളുടേയും, കൈമോശം വന്നുവെന്ന് അവകാശപ്പെടുന്ന കാർഡുകളുടേയും വിലയും ചേർത്ത് 45,000 രൂപ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ അടച്ചതായും രേഖകളുടെ പരിശോധനയിൽ തെളിഞ്ഞു. ജനുവരി 18 ന് വേബില്ലിൽ രേഖപ്പെടുത്തിയ കാർഡുകളിൽ പലതും മുൻപ് വിറ്റ് പോയവയാണെന്നും 15 ദിവസം വരെ ട്രാവൽ കാർഡ് വിറ്റ് കിട്ടിയ പണം കണ്ടക്ടർമാർ സ്വന്തം കൈയ്യിൽ സൂക്ഷിച്ചിരുന്നതായും ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും സസ്‌പെൻഡ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.