അപൂർവ രോഗം ബാധിച്ച മൂന്നു ജീവനുകളെ രക്ഷിക്കാൻ സാംസ്കാരിക ലോകം ഒന്നടങ്കം കൈകോർക്കുകയാണ്. ലുക്കീമിയ ബാധിച്ച മുഹമ്മദ് അസ്നൻ (5), ലിയന അൻവർ (29), തലസീമിയ രോഗബാധിതയായ നിയ ഫാത്തിമ (5) എന്നിവരുടെ ജീവൻ രക്ഷിക്കാനുളള അവസാന ചികിത്സയാണ് രക്തമൂലകോശം മാറ്റിവയ്ക്കുക (Blood Stem Cell Transplant). ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാൽ മാത്രമേ ഇനി ഇവരുടെ ജീവൻ നിലനിർത്താനാകൂ.

ഇതിനായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) വടകരയും ചേർന്ന് രക്തമൂലകോശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയനായ താജുദീനും നടിമാരായ മറീന മൈക്കിളും ബിന്ദു പണിക്കരും.

മാർച്ച് 31 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലാണ് ക്യാമ്പ് നടക്കുക. 18 മുതൽ 50 വയസ് വരെ പ്രായമുളളവർക്ക് ദാതാവായി റജിസ്റ്റർ ചെയ്യാം. ലോകത്ത് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ള 4 ലക്ഷത്തോളം ഇന്ത്യക്കാരിൽ ഇവർക്കു ചേരുന്ന ദാതാവിനെ കിട്ടാത്തതിനാലാണ് വടകരയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരത്തെ കോട്ടയത്ത് ക്യാമ്പ് നടത്തിയെങ്കിലും ദാതാവിനെ ലഭിച്ചിരുന്നില്ല.

രക്തമൂലകോശ ദാനം വളരെ സുരക്ഷിതമാണ്. അണുവിമുക്തമാക്കിയ പഞ്ഞി ദാതാവിന്റെ ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ച് HLA Typing എന്ന ടെസ്റ്റ് നടത്തും. യോജിച്ച ദാതാവിനെ ലഭിച്ചാൽ സാധാരണ രക്തദാനം പോലെ രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചു ദാനം ചെയ്യാം. ദാതാവിന് അപ്പോൾത്തന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങാം. പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ് HLA match ലഭിക്കാനുളള സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.