/indian-express-malayalam/media/media_files/uploads/2019/06/water-67065-rbwauvczjz-1510905063.jpg)
തിരുവനന്തപുരം: സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാന്‍ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷന്‍ കട വഴിയും. സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്നാണ് കുപ്പിവെള്ളം വിതരണം ചെയ്യുക. ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയിലാണ് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായത്. 11 രൂപയാണ് ഒരു കുപ്പിവെളളത്തിന്റെ വില.
ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ് ലക്ഷത്തോളം രൂപയുടെ കുപ്പിവെള്ളമാണ് സപ്ലൈകോ വിപണിയിലെത്തിച്ചത്. പൊതുവിപണിയില്‍ ലിറ്ററിന് 20 രൂപയുള്ള കുപ്പിവെള്ളമാണ് 11 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ് കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. വയനാട്, കാസര്‍കോട് ഒഴികെ മറ്റ് ജില്ലകളില്‍ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ്. വിവിധ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ് വിറ്റഴിച്ചത്.
സംസ്ഥാനത്ത് വ്യാപകമായി കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നെന്ന വ്യാപക പരാതിയെ തുടർന്ന് സപ്ലൈകോ വിപണനശാലകളിൽ 11 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ബോട്ടിൽ വാട്ടർ മാനുഫാക്ചറിങ് അസോസിയേഷന്റെ സഹകരണത്തോടെ റേഷൻ കടകളിലും അതേവിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടി ആരംഭിച്ചത്.
റേഷൻ സാധനങ്ങൾക്ക് പുറമേ കുപ്പിവെള്ളവും ശബരി ഉൽപന്നങ്ങളും വിൽക്കാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ അനുവാദം നൽകും. അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ ഉൽപന്നം വിൽക്കുന്നതിനാവും അനുമതി. ചർച്ചയിൽ റേഷൻ വ്യാപാരികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും ധാരണയായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.