കൊച്ചി: കൊച്ചിയിലെ കുടിവെള്ളം മുടങ്ങല്‍ ഗൗരവതരമെന്ന് ഹൈക്കോടതി. ജല അതോറിറ്റി വിഷയം ഗൗരവത്തിലെടുക്കണമെന്ന് കോടതി നിർദേശിച്ചു. മരട് ജനകീയ സമിതി ചെയർമാൻ ടി.എൻ.നന്ദകുമാർ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കുടിവെള്ളം പതിവായി മുടങ്ങുന്നുണ്ടെന്നും ഒന്നര മാസമായി വെള്ളം കിട്ടുന്നില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹർജിയിൽ കോടതി വാട്ടർ അതോറിറ്റി അടക്കമുള്ളവരുടെ വിശദീകരണം തേടി.
ഇന്ന് തമ്മനത്ത് ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടി. വെള്ളത്തിന്റെ മര്‍ദത്തില്‍ റോഡ് നടുവെ പൊളിഞ്ഞു. ഒരു മണിക്കൂറോളും വെള്ളം കുത്തി ഒഴുകുന്നത് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്.
പൈപ്പ് ലൈന്‍ പൊട്ടിയതോടെ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. കൃത്യമായ അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്തതിനാലാണ് പൈപ്പ് പൊട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഇപ്പോഴും വെള്ളമൊഴുകുന്നതെന്നും വരും ദിവസങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടാകുമോയെന്ന ഭയമുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

പൈപ്പ് പൊട്ടിയ പശ്ചാത്തലത്തില്‍ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാഗത്തേക്കുള്ള പമ്പിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവില്‍ പ്രദേശത്ത് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. തമ്മനം റോഡിലൂടെയുള്ള ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തി വച്ചു. വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം പ്രദേശങ്ങളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങിയേക്കും.
വേനല്‍ കടുത്ത സാഹചര്യത്തിലും കൊച്ചിയിലെ ഒരുഭാഗത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുമ്പോഴുമാണ് തമ്മനത്ത് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഒരു ആഴ്ചയിലധികമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി പാഴൂര്‍ പമ്പ് ഹൗസില്‍ നിന്ന് ഇന്ന് രാവിലെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം പമ്പ് ചെയ്തിരുന്നു.

പരീക്ഷണ പമ്പിങ് വിജയകരമായി പൂര്‍ത്തിയായിരുന്നു. നാളെ രാവിലെയോടെ സാധരണ നിലയിലേക്ക് ജലവിതരണം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പമ്പിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വൈകുകയായിരുന്നു.
രണ്ട് മോട്ടറുകളില്‍ നിന്നായി ആറ് കോടി ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുക. പശ്ചിമ കൊച്ചിയിലേക്കുള കുടിവെള്ള വിതരണം ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചിരുന്നു. വിതരണം മുടങ്ങിയതോടെ വ്യാപക പ്രതിഷേധത്തിനും കൊച്ചി സാക്ഷിയായി.

വി ഫോര്‍ കൊച്ചി, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളും സാധാരണ ജനങ്ങളും തെരുവിലിറങ്ങി. ആം ആദ്മി കൊച്ചി ഘടകം ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായാണ് പ്രതിഷേധിക്കാനെത്തിയത്. തോപ്പുംപടി കവലയില്‍ വച്ചായിരുന്നു പ്രതിഷേധം. ചെല്ലാനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ റോഡ് ഉപരോധിച്ചിരുന്നു.