കോഴിക്കോട്: വിദേശത്ത് നിന്നും കേരളത്തിലേക്ക് വിമാനമാർഗ്ഗം ഒളിച്ചുകടത്തുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാനുളള കോഴിക്കോട്ടെ രഹസ്യകേന്ദ്രം കണ്ടെത്തി. റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് കോഴിക്കോട് നീലേശ്വരത്തെ ഈ കേന്ദ്രം കണ്ടെത്തിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒളിപ്പിച്ച് കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രമാണ് ഇത്.  കോഴിക്കോട് ഓമശേരി നീലേശ്വരത്ത് നൂഞ്ഞിക്കര വീട്ടില്‍ ചെറിയാവ എന്ന നസീമിന്‍റെ വീട്ടിലാണ് പ്രവർത്തിച്ചിരുന്നത്. നസീമും സഹോദരന്‍ വലിയാവ എന്ന തഹീമും ഡിആർഐയുടെ  റെയ്‌ഡിൽ പിടിയിലായി.

മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം കടത്തുന്ന രഹസ്യ അറകളോട് കൂടിയ നൂറിലധികം അടിവസ്ത്രങ്ങളും വിവിധ തരം ബെല്‍റ്റുകളും രഹസ്യ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി.  സ്വര്‍ണ്ണം ഉരുക്കാനുപയോഗിക്കുന്ന അഞ്ച് ഇലക്ട്രിക് ഫര്‍ണസുകളും മൂശകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.  ആയിരം കിലോയിലേറെ സ്വർണ്ണം ഇവിടെ വച്ച് ഉരുക്കിയെന്നാണ് ഡിആർഐയുടെ പ്രാഥമിക നിഗമനം.

ഒരു വർഷമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 570 കിലോ സ്വർണ്ണം വേർതിരിച്ചതായി പൊലീസിന് മൊഴി ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ഡിആർഐയുടെ വൻ വേട്ടയാണ് ഈ രഹസ്യകേന്ദ്രം. ഇത്രയധികം സ്വർണ്ണം വേർതിരിച്ചെടുക്കുന്ന മറ്റൊരു കേന്ദ്രവും ഈ കാലയളവിൽ അന്വേഷണ സംഘത്തിന്റെ കണ്ണിൽ പെട്ടിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി കേന്ദ്രത്തില്‍ സ്വര്‍ണ്ണം വേര്‍‍തിരിക്കുന്നുണ്ട്. എട്ട് മാസത്തിനിടയ്ക്ക് 570 കിലോഗ്രാം സ്വര്‍ണ്ണം ഉരുക്കി നല്‍കിയതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്രയും കൂടുതല്‍ സ്വര്‍ണ്ണം ഉരുക്കിയ രഹസ്യ കേന്ദ്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊടുവളളിയിൽ നിന്നുളള സ്വർണ്ണക്കടത്ത് സംഘമാണ് ഈ സഹോദരങ്ങളുടെ പ്രധാന ഇടപാടുകാർ. സ്വർണ്ണം വേർതിരിക്കാൻ കിലോയ്ക്ക് 4000 രൂപയാണ് പ്രതിഫലം വാങ്ങിയത്. ഇതിന് പുറമെ ദുബായിൽ നിന്ന് 30 കിലോഗ്രാം സ്വർണ്ണം കേരളത്തിലേക്ക് കടത്തിയതായും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook