കൊച്ചി: സന്യാസമെന്നത് വസ്ത്രത്തിന്റെ പേരില്‍ അറിയപ്പെടേണ്ടതല്ലെന്ന വെളിപ്പെടുത്തലുമായി കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള വാരിക. കപ്പൂച്ചിന്‍ സഭയുടെ കീഴില്‍ ഭരണങ്ങാനത്തു നിന്നു പ്രസിദ്ധീകരിക്കുന്ന അസീസി മാസികയില്‍ ഫാ ജിജോ കുര്യന്‍ എഴുതിയ ‘അസീസിയിലെ ഫ്രാന്‍സിസും സന്ന്യാസത്തിന്റെ അല്‍മായ വെല്ലുവിളിയും’ എന്ന കവര്‍ സ്റ്റോറിയിലാണ് നിലവിലെ സന്യാസ രീതികളാണ് ഏറ്റവും മഹത്തരമെന്നു പറയുന്ന തരത്തിലുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളെ തള്ളിപ്പറയുന്നത്. കന്യാസ്ത്രീ വസ്ത്രം ധരിക്കാത്തത് ഉള്‍പ്പടെയുള്ള കുറ്റങ്ങളുടെ പേരില്‍ സിസ്റ്റര്‍ ലൂസിയെ കത്തോലിക്ക സഭയില്‍ നിന്നു പുറത്താക്കുമ്പോഴാണ് ഈ ലേഖനം എന്നത് ശ്രദ്ധേയമാണ്.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഓര്‍മദിനമായ ഒക്ടോബര്‍ നാലിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. സന്യാസത്തിന്റെ ഭാഗമായി വൈദികരും കന്യാസ്ത്രീകളും അണിയുന്ന വസ്ത്രങ്ങള്‍ വിശുദ്ധ വസ്ത്രങ്ങളാണെന്ന തരത്തിലുള്ള സഭയുടെ പ്രചരണങ്ങളേയും ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. ആവൃതികളോട് സമരസപ്പെടാന്‍ നിരന്തരം സന്ന്യാസികളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ സന്ന്യാസം മനസിന്റെ പ്രശ്നമാണെന്ന് അറിയാതെ പോകുന്ന ഒരു സ്ഥാപനവത്കരണം ക്രിസ്തീയതയില്‍ നടന്നുകഴിഞ്ഞുവെന്നു മനസിലാക്കേണ്ടിയിരിക്കുന്നുവെന്ന് ലേഖനം പറയുന്നു. സന്യാസത്തിനിറങ്ങുന്നവര്‍ വിശുദ്ധരാണെന്നും വിശുദ്ധ വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നതെന്നുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നു പറയുന്ന ലേഖനം വിശുദ്ധ വസ്ത്രം എന്ന സങ്കല്‍പ്പം തന്നെ തെറ്റാണെന്നും പറഞ്ഞു വയ്ക്കുന്നു. ഫ്രാന്‍സിസ് അസീസി സന്യാസ ജീവിതത്തിലേക്കു തിരിഞ്ഞപ്പോള്‍ കര്‍ഷകന്റെ വസ്ത്രധാരണ ശൈലിയാണ് തെരഞ്ഞെടുത്തതെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.


‘ സന്ന്യാസത്തിലേക്ക് ഒരാള്‍ ഇറങ്ങി നടക്കുകയെന്നാല്‍ ഈ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് ദൈവികമായ ഒരു ഇടത്തില്‍ ജീവിക്കുക എന്ന ഒരു വേര്‍തിരിവിന്റെ തലം വന്നു ചേരുന്നതായിട്ടാണ് നിലവിലെ പല മതാത്മക വ്യാഖ്യാനങ്ങളും. ആവൃതികള്‍ വിശുദ്ധിയിടങ്ങളും (Sacro Sanctum) സന്ന്യാസവസ്ത്രങ്ങള്‍ ‘വിശുദ്ധ വസ്ത്രങ്ങളും’ വ്രതം ചെയ്തവര്‍ വിശുദ്ധ ജീവിതം നയിക്കുന്നവരുമാണെന്ന ധാരണയാണ് പ്രചരിപ്പിക്കപ്പെടുന്നത്. അവിടെ സന്ന്യാസം അതിസാധാരണത്വത്തിലേയ്ക്കുള്ള മടക്കവും അനുരൂപപ്പെടലുമാണെന്ന ധാരണ മറയ്ക്കപ്പെടുകയാണ്. ഫ്രാന്‍സിസ് പരിവ്രാജക ജീവിതത്തിലേക്ക് ഇറങ്ങുമ്പോള്‍ അസീസിയിലെ ഒരു അതിസാധാരണ കര്‍ഷകന്റെ വേഷമാണ് എടുത്തിരുന്നത്. വേഷവിധാനത്തില്‍ നിന്ന് മേജറുകളെയും (വരേണ്യരെയും) മൈനറുകളെയും (അധഃസ്ഥിതരെയും) തിരിച്ചറിഞ്ഞിരുന്ന ലോകത്തില്‍ സഹോദരന്മാര്‍ മൈനറുകള്‍ ആയിരിക്കണം എന്നതായിരുന്നു ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശം. കല്‍ക്കട്ടയിലെ മദര്‍ തെരേസ തെരുവില്‍ സന്ന്യാസം ജീവിക്കാന്‍ ഇറങ്ങുമ്പോള്‍ അവളെടുത്തണിയുന്നത് തൂപ്പുകാരികള്‍ ഉടുത്തിരുന്ന നീലക്കരയുള്ള കോട്ടണ്‍ സാരിയാണ്. ഇവരൊക്കെ സന്ന്യാസമെന്നാല്‍ വിശുദ്ധ വസ്ത്രം കൊണ്ട് വേര്‍തിരിക്കപ്പെടല്‍ എന്നല്ല മനസിലാക്കിയത്, സാധാരണത്വത്തോട് അനുരൂപപ്പെടല്‍ എന്നാണ് ‘ ലേഖനത്തില്‍ പറയുന്നു.

നിലവിലുള്ള സന്യാസ രീതികള്‍ക്കും അതിന്റെ നിയമങ്ങള്‍ക്കും നേരേയും ജിജോ കുര്യന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആവൃതിയുടെ നിയമങ്ങളെക്കുറിച്ച് കാര്‍ക്കശ്യം കാണിച്ചും കൂട്ടക്രമത്തിന്റെ സൈനികനിഷ്ഠയില്‍ പൂര്‍ണത കണ്ടും വസ്ത്രത്തിന്റെ വിശുദ്ധിയില്‍ അഭിമാനിച്ചും ഉള്ളിലെ സന്ന്യാസം ഇല്ലാതാകുന്നതാണ് നാം കണ്‍മുന്നില്‍ കാണുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തലുണ്ട്. സന്യാസം എന്നത് ഏതെങ്കിലും നിയമങ്ങളുടെ പേരില്‍ മാത്രം മുന്നോട്ടു പോകേണ്ട ഒന്നല്ലെന്നും ജിജോ കുര്യന്‍ വ്യക്തമാക്കുന്നു. ‘സന്ന്യാസം വൈവിധ്യങ്ങളുടെ ലോകമാണ്. കുടുംബത്തിന്റെ ചുറ്റുവട്ടങ്ങളില്‍ മാത്രമൊതുങ്ങാത്ത മനസാണ്, അത്യപൂര്‍വ്വം മനുഷ്യരില്‍ മാത്രം കാണുന്ന ഒന്നിനോടും ഒട്ടിനില്‍ക്കാത്ത നിര്‍മമതയാണ്. എന്നാല്‍ എല്ലാ മനുഷ്യരും ജീവിതത്തില്‍ എപ്പോഴെങ്കിലും ആഗ്രഹിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണ്.
സന്ന്യാസം മതങ്ങള്‍ക്കെല്ലാം അതീതമായ ഒരു ജീവിതദര്‍ശനവും അത് ജീവിക്കപ്പെടുന്ന വൈവിധ്യമുള്ള ജീവിതശൈലികളുമാണ്. ‘ ലേഖനം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.