കോഴിക്കോട്: ആയുധം കാണിച്ച് ഭയപ്പെടുത്തി കൊളള നടത്തുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും ഇത്തരത്തിലുളള കൊളളകള്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുളളത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നടന്നതും ഇത്തരമൊരു കൊളളയായിരുന്നു.. എന്നാല്‍ ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പന്ത്രണ്ടര പവന്‍ തൂക്കം വരുന്ന 15 വളകള്‍ മാത്രമാണ് കൊളളസംഘത്തിന് കൈക്കലാക്കാനായത്.

കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ ജുവലറി ജീവനക്കാർ പിടികൂടുകയും ചെയ്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാന്തി ജുവലറിയിലാണ് കവർച്ച നടന്നത്. ഇതരസംസ്ഥാനക്കാരാണ് കവർച്ചാസംഘത്തിലുണ്ടായിരുന്നത്.

രാത്രി ഏഴരയോടെ ജുവലറി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വർണാഭരണങ്ങൾ കവരാനായിരുന്നു ലക്ഷ്യം. തോക്കും കത്തിയും കാണിച്ച് കൊളളസംഘം ആദ്യം ഭീതി പരത്താന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാര്‍ ധൈര്യത്തോടെ ഇതിനെ നേരിടുകയായിരുന്നു. ജീവനക്കാര്‍ ഭയപ്പെടുന്നില്ലെന്ന് കണ്ട് കിട്ടിയതും കൊണ്ട് കൊളളസംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന്‍ യാതൊരു പേടിയും കൂടാതെ കൊളളസംഘത്തിന് നേരെ പാഞ്ഞടുത്തു. ഉടന്‍ തന്നെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടുു. എന്നാല്‍ മൂന്നാമനെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി മര്‍ദ്ദിച്ചു.

ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പിടിയിലായ ആൾ അബോധാവസ്ഥയിലാണ്. ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.