വടകര: കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നാടകം മതവിരുദ്ധമെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ തല്ലിച്ചതച്ചു. കോഴിക്കോട് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.
വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. വടകരയിലെ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയിലേക്ക് പോവുകയായിരുന്ന മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ ആദര്‍ശ് (17), അഭിജിത്ത് (17), യാദവ് (17) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പൊലീസ് കേസെടുത്തു.
ആക്രമണത്തിന് പിന്നിൽ യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകരാണെന്നാണ് ആരോപണം. പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വടകര പൊലീസ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശ്ശേരിയാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി ‘കിത്താബ്’ എന്ന നാടകം സംവിധാനം ചെയ്തത്. മുക്രിയുടെ മകളായ പെൺകുട്ടിക്ക് പളളിയിൽ ബാങ്ക് വിളിക്കണമെന്ന് ആഗ്രഹം തോന്നുന്നതിനെ അടിസ്ഥാനമാക്കിയാണ് കഥ. എന്നാൽ ഈ ആഗ്രഹത്തിന് മേലെ ആചാരങ്ങളും വിശ്വാസങ്ങളും ഉയർത്തുന്ന തടസങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്.
നാടകത്തിലെ സംഭാഷണങ്ങളിൽ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് എസ്‌ഡിപിഐ വടകര മണ്ഡലം കമ്മിറ്റി കലോത്സവത്തിന്റെ പ്രധാന വേദിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. മർദ്ദനമേറ്റ ആദർശ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്. നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ ഫോട്ടോ അടക്കം മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് താഴെ പ്രതിഷേധവും പിന്തുണയും അറിയിച്ച് കമന്റുകൾ വരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.