തൊടുപുഴ: കേരളത്തെ തകർത്ത പ്രളയത്തിന് ശേഷം പെരിയാർ കടുവാ സങ്കേതവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ തുമ്പികളുടെ വൈവിധ്യത്തിൽ കുറവ് വന്നതായി കണ്ടെത്തി. പെരിയാര്‍ കടുവാ സങ്കേതത്തില്‍ കഴിഞ്ഞ ദിവസം നടന്ന തുമ്പികളുടെ സര്‍വേയിലാണ് പ്രളയത്തില്‍ തുമ്പികളുടെ ലാര്‍വകളും മുട്ടകളും വ്യാപകമായി ഒഴുകിപ്പോയതായി കണ്ടെത്തിയത്.
പ്രളയത്തില്‍ ലാര്‍വകള്‍ ഒഴുകിപ്പോയതിനാല്‍ കൂടുതല്‍ ഇനം തുമ്പികളെ കണ്ടെത്താന്‍ സര്‍വേയിലൂടെ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍. ഇത്തവണ രണ്ടു ദിവസങ്ങളിലായി നടത്തിയ സര്‍വേയില്‍ പുതിയ എട്ടിനം തുമ്പികള്‍ ഉള്‍പ്പടെ 80 ഇനം തുമ്പികളെയാണ് പെരിയാര്‍ കടുവാസങ്കേതത്തില്‍ കണ്ടെത്തിയത്. ഇതില്‍ എട്ടിനം തുമ്പികളെ ആദ്യമായാണ് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കണ്ടെത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ 77 ഇനം തുമ്പികളെയാണ് കണ്ടെത്തിയത്. ഇന്ത്യന്‍ എമറാള്‍ഡ് വിഭാഗത്തില്‍പ്പെടുന്ന തുമ്പികളെ 80 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അന്ന് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കണ്ടെത്തിയത്.
Read: ഇന്ത്യൻ എമറാൾഡ് തുമ്പിയെ 80 വർഷത്തിന് ശേഷം കണ്ടെത്തി
ബര്മാഗോംബുസ് ലെയ്ഡ്ലാവി (Burmagomphuslaid-l-aw-i) മൈക്രോഗോമ്പുസോട്ടുരെയ് (Microgomphussou-ter-i), ഹൈഡ്രോബേസിലസ്ക്രോസിയസ് (Hydrobasileuscro-c-esu), വെസ്റ്റാലിസുംബോട്ടാനാ (Vestalissubmon-tan-a), അഗ്രിയോസ്നെസിമിസ്പ്ലെന്ഡിസിമ (Agriocnemissplendidissim-a), യൂപേഹാകാര്ഡിനാലിസിസ് (Euphaeacardin-a-lsi), ലെസ്റ്റ്റെസ്ഡോറോത്തേ (Lestesdorothe-a ) , എസ്മിസൈനേയോവിറ്റാറ്റാ (Esme cyaneovittata) എന്നിവയാണ് ഇത്തവണത്തെ സര്‍വേയില്‍ കണ്ടെത്തിയ പുതിയ ഇനം തുമ്പികള്‍.

അരുവിയോട, മൂഴിക്കല്‍, കുമരികുളം ക്യാമ്പുകളില്‍ നിന്നാണ് പുതിയ ഇനത്തില്‍പ്പെട്ട തുമ്പികളെ കണ്ടെത്തിയതെന്നും മൊത്തം കണ്ടെത്തിയ 80 ഇനം തുമ്പികളില്‍ 37 ഇനത്തെയും കണ്ടെത്താനായത് തേക്കടി ക്യാമ്പില്‍ നിന്നായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. കണ്ടെത്തിയ പുതിയ എട്ടിനം തുമ്പികളില്‍ ഇതില്‍ മൂന്നെണ്ണം അപൂര്‍വ ഇനത്തില്‍പ്പെട്ടതാണെന്നു കരുതുന്നതായും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനം വേണ്ടിവരുമെന്നും ഗവേഷകർ പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിലെ ആവാസവ്യവസ്ഥ മികച്ചതാണെന്നു വ്യക്തമാക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്കു ശേഷവും ഇത്രത്തോളം തുമ്പി ഇനങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
പെരിയാര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്ളൈ സൊസൈറ്റിയും സംയുക്തമായാണ് ഇത്തവണത്തെ സര്‍വേ നടത്തിത്. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി.കുമാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ വിപിന്‍ ദാസ്, റേഞ്ച് ഓഫീസര്‍മാരായ വിനോദ്, സുരേഷ്, ഇക്കോളജിസ്റ്റ് ഡോ.ജെ.പാട്രിക് ഡേവിഡ് എന്നിവരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്.