കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലവനും പ്രമുഖ കലാ ചിന്തകനും നാടക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ.വി.സി.ഹാരിസ് അന്തരിച്ചു. 59 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ദീർഘകാലം എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലവനായിരുന്നു അദ്ദേഹം.

യുആർ അനന്തമൂർത്തി വൈസ് ചാൻസിലറായിരുന്ന കാലത്താണ് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് സ്ഥാപിച്ചത്. പഠന-ഗവേഷണ-സർഗാത്മക പ്രവർത്തനങ്ങളെ ഒരേ സമയം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതിൽ വേറിട്ട ശൈലി അവലംബിച്ചാണ് സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രസിദ്ധിയാർജിച്ചത്.

സർവകലാശാലയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെച്ചൊല്ലി അദ്ദേഹത്തെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളമൊട്ടാകെ ഉണ്ടായത്. പിന്നീട് ഡോ.വി.സി.ഹാരിസിനെ സർവകലാശാല തത്‌സ്ഥാനത്ത് വീണ്ടും നിയമിച്ചു.

ഇവിടെ ദീഘകാലമായി ജോലി ചെയ്ത ഹാരിസ് മാഷ്, കേരളത്തിലെ സാംസ്കാരിക രംഗത്തിന് എക്കാലവും മുതൽക്കൂട്ടായ വ്യക്തിത്വമായിരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിൽ തത്പരരായ അനേകം പേർ കേരളമൊട്ടാകെ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്.

പുതിയ ആശയങ്ങൾ സ്വീകരിച്ച കലാ ചിന്തകൻ, എഴുത്തുകാരൻ, നടൻ, നാടക-സിനിമ പ്രവർത്തകൻ, നിരൂപകൻ എന്നീ നിലകളിലെല്ലാം വി.സി.ഹാരിസ് സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.