തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ജി സന്ദീപിനെ റിമാന്റ് ചെയ്തു. കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിനെ റിമാന്റ് ചെയ്തത്. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. കാലിന് പരുക്കേറ്റ സന്ദീപിനെ വീല്‍ ചെയറിലാണ് കോടതയില്‍ എത്തിച്ചത്.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന കോട്ടയം മുട്ടുചിറ സ്വദേശിയാണ്. സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ ഇയാള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ഡോക്ടറുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനം ഹൈക്കോടതി നടത്തിയിരുന്നു. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംഭവം മുന്‍പുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു. പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന കാര്യം കോടതി പറഞ്ഞു തരേണ്ടതില്ല. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ള ആശുപത്രിയിലായിരുന്നു ആക്രമണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാരിന് അതിശക്തമായ നിലപാടാണുള്ളത്. നിലവിലെ നിയമം ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.