scorecardresearch
Latest News

ഡോ. വന്ദനദാസ് കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം

പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നല്‍കും.

Dr Vandana, Murder
ജി സന്ദീപ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടറുടെ കണ്ടെത്തല്‍.

താന്‍ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മര്‍ദ്ദിച്ചുവെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നല്‍കും.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യം വച്ചില്ലായിരുന്നു എന്നുമാണ് സന്ദീപിന്റെ ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയില്‍ നിന്ന് ലഹരി വാങ്ങിയെന്നും സന്ദീപ് സമ്മതിച്ചതായി ജയില്‍ വൃത്തങ്ങള്‍ പറയുന്നു. രക്ഷപ്പെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dr vandana das murder the accused has no mental problems