തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് ഡോ.വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണ് കൊട്ടാരക്കര പൊലീസിൽനിന്നും അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടത്.
അതേസമയം, പ്രതി ജി.സന്ദീപ് നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണുള്ളത്. ജയിലിലെ 4 സുരക്ഷാ സെല്ലുകളിൽ ഒന്നിൽ ഇയാളെ ഒറ്റയ്ക്കാണു പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഇയാൾക്കു മാനസിക പ്രശ്നങ്ങളില്ലെന്നു ജയിൽ അധികൃതർ പറഞ്ഞു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
അക്രമിയിൽനിന്നു രക്ഷപ്പെടാൻ മറ്റുള്ളവർ മുറിയിൽ കയറി വാതിലടച്ചപ്പോൾ ഡോ.വന്ദന ഒറ്റയ്ക്കായി പോയതാണ് ആക്രമണത്തിനിരയാകാൻ കാരണമെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. അക്രമിയെ കണ്ടു ഡോ.വന്ദ ഭയന്നു മരവിച്ചുപോയി. കൂടെയുണ്ടായിരുന്ന എല്ലാവരും മുറിക്കകത്തു കയറി വാതിലടച്ചു. ആംബുലൻസ് ഡ്രൈവർ രാജേഷ് വിളിച്ചുവെങ്കിലും വന്ദന മുറിയിൽ കയറിയില്ല. അപ്പോഴേക്കും അക്രമി അടുത്തെത്തി വന്ദനയെ ആക്രമിക്കുകയായിരുന്നു.