/indian-express-malayalam/media/media_files/uploads/2023/05/Vandana-Das-1.jpg)
ഡോ.വന്ദന ദാസ്
തിരുവനന്തപുരം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1050 പേജുള്ള കുറ്റപത്രത്തില്‍ 136 സാക്ഷികളാണുള്ളത്. കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസാണ് കുറ്റപത്രം സമര്‍പ്പിപ്പിച്ചത്. കഴിഞ്ഞ മേയ് പത്തിന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ദാരുണമായ കൊലപാതകം നടന്നത്.
പൂയപ്പള്ളി പൊലീസ് ചികിത്സയ്ക്കെത്തിച്ച കുടവട്ടൂര്‍ സ്വദേശി സന്ദീപ് അത്യാഹിതവിഭാഗത്തില്‍വെച്ച് അക്രമാസക്തനാകുകയും ചികിത്സാമുറിയിലെ കത്രിക കൈവശപ്പെടുത്തി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സന്ദീപിന്റെ ബന്ധുവായ രാജശേഖരന് പിള്ള, പൊതുപ്രവര്ത്തകന് ബിനു, പൂയപ്പള്ളി സ്റ്റേഷനിലെ എസ്.ഐ. ബേബി മോഹന്‍, ഹോംഗാര്‍ഡ് അലക്സ്കുട്ടി, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, ആശുപത്രി എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ. മണിലാല്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
സംഭവത്തിന് ശേഷം 83 -ാം ദിവസം അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ തുടരാനാകും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍. ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികള്‍, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകള്‍ എന്നിവ അടക്കം വിശദമായാണ് കുറ്റപത്രം തയ്യാറാക്കിയത്. സന്ദീപിന് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.