തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്റർ ഡയറക്ടറായി ഡോ. രേഖ എ നായരെ നിയമിച്ചു. ആർ സിസിയിലെ പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായർ.
ആർ സി സിയുടെ ഡയറ്കടർ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് രേഖ. ആർ സി സിയുടെ നാലാമത് ഡയറക്ടറാണ് ഇപ്പോൾ നിയമിക്കപ്പെടുന്നത്. ഡയറക്ടറായിരുന്ന പോൾ സെബാസ്റ്റ്യൻ വിരമിച്ച ഒഴിവിലാണ് നിയമനം.
1981ലാണ് ആർ സി സി സ്ഥാപിതമാകുന്നത്. കേന്ദ്ര, കേരള സർക്കാരുകളുടെ സഹായത്തോടെ സ്വയംഭരണസ്ഥാപനമായാണ് ആർ സി സി പ്രവർത്തനം ആരംഭിച്ചത്.
ഡല്‍ഹി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി.കെ. രഥ്, മുംബയ് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാജന്‍ബദ്ദ്വ, കൊല്‍ക്കത്ത ടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ചാണ്ടി, കൊച്ചിന് ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് ഡോ. രേഖ നായരെ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1984ല്‍ എം ബി ബി എസ് നേടിയ ഡോ. രേഖ 1990ല്‍ പത്തോളജി എം.ഡി.യിലും ഉന്നത വിജയം കരസ്ഥമാക്കി.. അമേരിക്കയിലെ നാഷണല്‍ ക്യാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയില്‍ നിന്നും രക്താര്‍ബുദ നിര്‍ണയത്തില്‍ ഡോ. രേഖ പരിശീലനം നേടിയിട്ടുണ്ട്.
1989ല്‍ സര്‍വീസില്‍ പ്രവേശിച്ച ഡോ. രേഖയ്ക്ക് അദ്ധ്യാപനത്തിലും ഗവേഷണത്തിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 30 വര്‍ഷത്തെ സേവന പരിചയമുണ്ട്. ആര്.സി.സി.യിലെ അഡ്വാന്‍സ്ഡ് സ്പെഷ്യാലിറ്റി ലാബുകളായ മോളിക്യുലര്‍ ഫ്ളോസൈറ്റോമെട്രി, ഫിഷ്ലാബ്, ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്ട്രിലാബ് തുടങ്ങിയവ ഡോ. രേഖയുടെ മേല്‍നോട്ടത്തിലാണ് ആരംഭിച്ചത്.
ദേശീയ രാജ്യാന്തര തലങ്ങളിലുള്ള ജേണലുകളില്‍ അമ്പതില്പരം മെഡിക്കല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ, രാജ്യാന്തര സെമിനാറുകളില്‍ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രക്താര്‍ബുദ നിര്‍ണയത്തിലും സ്തനാര്‍ബുദ നിര്‍ണയത്തിലും പുതിയ വെളിച്ചം പകര്‍ന്ന മൈക്രോ ആര്.എന്‍.എ.യുടെ കണ്ടുപിടിത്തത്തിന് 2016ല്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐ.സി.എം. ആറിന്റെ തക്താര്‍ബുദ നിര്‍ണയ കർമ്മസമിതി അംഗമാണ്.